Headlines

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണത്തിന് കളമൊരുങ്ങുന്നു; എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രഥമ ദൃഷ്ടിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നിലനില്‍ക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.

സ്വര്‍ണ്ണക്കൊള്ള കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് റാന്നി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് ഹൈകോടതിയെ സമീപിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ച് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിച്ചു. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമികമായ വിലയിരുത്തല്‍. പ്രത്യേക അന്വേഷണസംഘം അഴിമതി നിരോധന നിയമം ചുമത്തിയ സാഹചര്യത്തില്‍ ഇഡിയുടെ ഹര്‍ജിക്ക് പ്രാധാന്യമേറും. എഫ്‌ഐആര്‍ ലഭ്യമായാല്‍ ECIR രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിയിലേക്ക് കടക്കും.

ഇഡി അന്വേഷണം ആരംഭിച്ചാല്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കൂടി ശബരിമല സ്വര്‍ണ്ണക്കൊള്ള വഴിമാറും.

അതേസമയം, സ്വര്‍ണ്ണകൊള്ള കേസിലെ നാലാം പ്രതി എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ് നടപടി. ദേവസ്വം സെക്രട്ടറി ആയിരുന്നു.