ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വലിയ തോതില്‍ പണം ഉപയോഗിച്ചിട്ടുണ്ട്. മസില്‍ പവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. എന്തെല്ലാം ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു എന്നത് സ്വയം വിമര്‍ശനപരമായി മഹാസഖ്യം പരിശോധിക്കും. തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് കൂടുതല്‍ ശക്തിയോടെ ജനങ്ങളെ സമീപിച്ച് അവരെ അണിനിരത്തി മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട സമീപനം – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2010ന് ശേഷമുള്ള വലിയ തകര്‍ച്ചയാണ് ബിഹാറില്‍ മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പകുതി സീറ്റുകളില്‍ പോലും RJD യ്ക്ക് വിജയിക്കാനായില്ല. അറുപത്തിയൊന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി.
സൗഹൃദമത്സരമെന്ന നിലയില്‍ പന്ത്രണ്ട് സീറ്റുകളിലാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ സികാന്ദ്ര, കര്‍ഗാഹര്‍ മണ്ഡലങ്ങളില്‍ ഒഴികെ എന്‍ഡിഎ അനായാസ ജയം നേടി. കഴിഞ്ഞ തവണ എഴുപതില്‍ 19ല്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് ഇക്കുറി ആഘാതം ഇരട്ടിയായി. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടക്കം പോലും കടന്നില്ല. 2010-ലെ തകര്‍ച്ചയ്ക്ക് സമാനമാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം. മഹാസഖ്യം പാര്‍ട്ടികളില്‍ സ്‌ട്രൈക്ക് റേറ്റ് കൂടുതല്‍ ആര്‍ജെഡിക്കാണ്. ഇരുപത് ശതമാനം. കോണ്‍ഗ്രസിന് എട്ട് ശതമാനം മാത്രം.






