Headlines

ഖത്തര്‍ സംസ്‌കൃതി പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ജലീലിയോയ്ക്ക്

സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്. ‘ടിനിറ്റെസ്’ എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമന്‍ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2004 മുതല്‍ ബഹ്‌റൈനില്‍ പ്രവാസിയും ബഹ്‌റൈനി ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഡെയിലി ട്രിബ്യൂണി’ലും ‘ഡിസൈന്‍ഡ് ക്രീയേറ്റീവ് സൊല്യൂഷന്‍സി’ലും സി ഇ ഒ യുമായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലത്ത് സ്വദേശിയാണ്. ആനുകാലികങ്ങളില്‍ കഥകളും, ഡി സി ബുക്‌സിലൂടെ ‘റംഗൂണ്‍ സ്രാപ്പ്’ എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയ്ക്ക് 2023ലെ ‘നവനീതം’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ ശ്രീ അശോകന്‍ ചെരുവില്‍ ചെയര്‍മാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂര്‍ത്തിയും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ജപ്പാന്‍, ചൈന, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ഫിലിപ്പീന്‍സ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫുനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരില്‍നിന്ന് ലഭിച്ച 76-ലധികം ചെറുകഥകളാണ് ഈ വര്‍ഷം പുരസ്‌കാരത്തിനായി മത്സരിച്ചത്.

2025 നവംബര്‍ 22 ശനിയാഴ്ച വൈകിട്ട് പുരസ്‌കാരസമര്‍പ്പണവും സംസ്‌കാരിക സമ്മേളനവും ദോഹയില്‍ വെച്ചു നടക്കും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ് ഹരീഷ് പുരസ്‌കാര സമര്‍പ്പണം നടത്തും. ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതിഖത്തര്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, പ്രവാസിക്ഷേമബോര്‍ഡ് ഡയറക്ടറും മുന്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറിയുമായ ഇ എം സുധീര്‍, സാഹിത്യ പുരസ്‌കാരസമിതി കണ്‍വീനര്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.