കോഴിക്കോട് ∙ പാർട്ടിയെ താഴെത്തട്ടു മുതൽ പുനഃസംഘടിപ്പിച്ചു ജനവിശ്വാസം വീണ്ടെടുക്കലാണ് ഇന്നു തുടങ്ങുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ ലക്ഷ്യമെങ്കിലും ഇ.ഡി വിഷയം മുഖ്യചർച്ചയാക്കാൻ പിണറായി വിജയൻതന്നെ അരങ്ങൊരുക്കിയതോടെ തിരുത്തലുകൾ എത്രത്തോളമെന്ന സംശയമുയരുന്നു. പിണറായിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ ഉയരാനിടയുള്ള വിമർശനങ്ങളുടെ ചൂട് സമ്മേളനത്തിലാകെ പടരുമോയെന്ന ആകാംക്ഷ ശക്തമാണ്.
ഇ.ഡി വേട്ട തനിക്കെതിരെയല്ലെന്നും പ്രസ്ഥാനത്തിനെതിരെയാണെന്നും പിണറായി കണ്ണൂരിൽ പറഞ്ഞതിന് അർഥം തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കേണ്ട ചുമതല പാർട്ടിക്കാണെന്നാണ്. വിശാല സംസ്ഥാന സമിതി യോഗത്തിന്റെ തലേദിവസം, വ്യക്തിപരമായ വിമർശനങ്ങൾക്ക് അസാധാരണമാംവിധം മറുപടി പറഞ്ഞ് പിണറായി പ്രതിരോധം ശക്തമാക്കിയത് യാദൃച്ഛികമല്ല. സമ്മേളനത്തിൽ ഉയരാനിടയുള്ള വിമർശനങ്ങളുടെ മുനയൊടിക്കാനും കൂടിയാണ്. ഈ സാഹചര്യത്തിൽ, ഭരണതലത്തിലെ വീഴ്ചകളും സംഘടനാതലത്തിലെ വീഴ്ചകളും സമിതിയിൽ എത്രകണ്ടു പ്രതിഫലിക്കുമെന്നാണ് അറിയാനുള്ളത്.
തെറ്റുതിരുത്തൽ പ്രക്രിയ വിട്ടുവീഴ്ചയില്ലാതെ പാർട്ടിയിലുടനീളം നടപ്പാക്കണമെന്ന അഭിപ്രായത്തിന് മേൽക്കൈ ലഭിക്കുമോ, അതോ പിണറായിയെയും പി.എ.മുഹമ്മദ് റിയാസിനെയും ഇ.ഡി വേട്ടയാടുന്നത് പ്രതിരോധിക്കാൻ അണികളെയാകെ അണിനിരത്തുമോയെന്നതാണ് വിശാല സംസ്ഥാന സമിതി യോഗം ഉയർത്തുന്ന ചോദ്യം. വ്യക്തിഗത വിമർശനങ്ങൾ വേണ്ടെന്ന നിഗമനത്തിൽ നേതൃത്വമെത്തിയിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും ചർച്ചകളുമായിരിക്കും ഉണ്ടാവുകയെന്ന് നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കുന്നു.
പിബി നിലപാട് നിർണായകം
വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയരാനിടയുള്ള വിമർശനങ്ങളെ കേന്ദ്രസംഘം എങ്ങനെ സമീപിക്കും എന്നതാകും 3 ദിവസത്തെ യോഗം എങ്ങോട്ടെന്നു നിർണയിക്കുക. ജനറൽസെക്രട്ടറി എം.എ.ബേബിയുടെ നേതൃത്വത്തിൽ 9 അംഗ പൊളിറ്റ്ബ്യൂറോ സംഘം യോഗത്തിൽ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. വിശാല സമിതി യോഗത്തിലും ഇരുവർക്കുമെതിരെ വിമർശനം ഉണ്ടാകാനുള്ള സാധ്യത ശക്തമാണ്. അതിന് ആസൂത്രിത സ്വഭാവമുണ്ടോയെന്ന് ആദ്യ ദിവസത്തെ ചർച്ച തന്നെ തെളിയിക്കും. നേതൃമാറ്റം എന്ന ആവശ്യം അതേപടി യോഗത്തിൽ ഉയരുമോ എന്നതിലും ആകാംക്ഷയുണ്ട്. നേതൃത്വത്തിനു തുടരാൻ കഴിയാത്ത നിലയിലുള്ള കൂട്ടായ വിമർശനങ്ങളുണ്ടായാൽ സംസ്ഥാന സെക്രട്ടറി സ്വീകരിക്കാനിടയുള്ള സമീപനത്തിനും സമിതി കാതോർക്കും.
ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല
പാർലമെന്ററി സ്ഥാനമാനങ്ങൾക്കായുള്ള ആർത്തി എന്ന മാനസികാവസ്ഥ തിരുത്തപ്പെട്ടേ തീരൂവെന്ന് സിപിഎം വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എങ്ങനെയും ആ പദവി നേടിയെടുക്കാൻ ചില കേഡർമാർ നടത്തുന്ന ശ്രമങ്ങളെ ചില നേതാക്കൾ പിന്തുണയ്ക്കുന്നു. യുവജന–വിദ്യാർഥി രംഗത്തെ തെറ്റായ പ്രവണതകൾ ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റാൻ കാരണമായെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. സഹകരണ രംഗത്തെ വീഴ്ചകൾ തിരുത്താൻ എടുത്ത തീരുമാനങ്ങളുടെ നടത്തിപ്പ് ഫലപ്രദമായിരുന്നില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജില്ലകളിൽ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗങ്ങളിൽനിന്ന് പാർട്ടി അംഗങ്ങളിൽ വലിയ വിഭാഗം വിട്ടു നിന്നതു പോലെയുള്ള വിപൽ സൂചനകളും റിപ്പോർട്ടിലുണ്ട്.
പാർട്ടിയുടെ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് ജനങ്ങളെ ആകർഷിക്കാൻ പര്യാപ്തമാകുന്നില്ല. ഇടതുതീവ്രവാദ ശക്തികളുടെയും അരാഷ്ട്രീയ വാദികളുടെയും ആശയഗതികൾ പാർട്ടിയുടെ അടിത്തറയെ സ്വാധീനിക്കുന്നു. സാംസ്കാരിക രംഗത്തെ ഇടപെടലുകൾ തിരിച്ചടിക്കുന്ന നിലയാണുണ്ടായത്. തിരുത്തി തിരിച്ചുവരാനുളള കർമ പദ്ധതിയുടെ കരടും ഉൾപ്പെടുത്തി, ചർച്ചയിലൂടെ ഇത് സമ്പുഷ്ടമാക്കി നടപ്പാക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.







