ഷാര്‍ജയില്‍ ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാന്‍ ഒരുങ്ങി കേരളാ പൊലീസ്. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുക്കുക. ഇന്ന് തന്നെ ശൈലജയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, എംപി, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കി. കോട്ടയം എസ്പി വിപഞ്ചികയുടെ മാതാവില്‍ നിന്ന് വിവരങ്ങള്‍ തേടി.
ഭര്‍ത്താവ് നിതീഷില്‍ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റല്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുമുണ്ട്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.
അതേസമയം, വിപഞ്ചിക വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു. സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നല്‍കിയിരുന്നു. നിര്‍ണായക വാട്സ്ആപ്പ് സന്ദേശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
കല്യാണത്തിന് പിന്നാലെ തന്നെ സ്ത്രീധന തര്‍ക്കമുണ്ടായി. വീട്ടുകാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിന് കാരണമായി. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വിദ്യാഭ്യാസ ലോണ്‍. തങ്ങള്‍ തമ്മില്‍ നില്‍ക്കേണ്ട കാര്യം ലോകം മുഴുവന്‍ അറിയിച്ച ഭര്‍ത്താവ് നീതിഷിന് നാണം ഉണ്ടോയെന്നാണ് വിപഞ്ചികയുടെ ശബ്ദ സന്ദേശം.