പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോള്‍ ചോര്‍ച്ചയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ധനം സ്റ്റാര്‍ട്ടിങ് മോട്ടോറിലേക്ക് വീണു. സ്റ്റാര്‍ട്ടാക്കിയപ്പോള്‍ സ്പാര്‍ക്കിംഗ് ഉണ്ടായി തീ പടര്‍ന്നുവെന്ന് നിഗമനം. അപകടത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആറുവയസുകാരന്‍ ആല്‍ഫ്രഡ് നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാലു വയസുകാരി എമിലീനയുടെയും, മൂന്നേകാലോടെ ആറുവയസുകാരന്‍ ആല്‍ഫ്രഡിന്റെയും മരണം സ്ഥിരീകരിച്ചു. ആല്‍ഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞദിവസം, വൈകിട്ടാണ് എല്‍സിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചു. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്.