Headlines

നിലപാട് കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് നിര്‍ദേശം നല്‍കി ഡോണള്‍ഡ് ട്രംപ്

ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ( US Navy to block Strait of Hormuz )

ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ തകര്‍ക്കുമെന്നും അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്ന് യുഎസ് അറിയിച്ചിട്ടണ്ട്. ഇറാന് ‘ടോള്‍’ നല്‍കുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് പിടികൂടുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.ഏതെങ്കിലും സൈനിക കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമെത്തിയാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന്
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (IRGC), മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.

ഇസ്ലാമാബാദ് ചര്‍ച്ചയില്‍ മിക്ക കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ആണവ സമ്പുഷ്ടീകരണ വിഷയത്തില്‍ മാത്രമാണ് ചര്‍ച്ചകള്‍ ഉടക്കിയത്. ഇറാനികള്‍ കടലിടുക്കില്‍ സ്ഥാപിച്ച മൈനുകളും അമേരിക്ക നശിപ്പിക്കും. അമേരിക്കന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്താല്‍ നരകമായിരിക്കും ഉത്തരം. നിയമവിരുദ്ധമായ കൊള്ളയടിക്കലിന് ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.