Headlines

‘ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കും, മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും’; കെ ജയകുമാർ

ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അതിനായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. സ്പോൺസേഴ്സിന് ബാങ്ക് ബാലൻസ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. നിലവിൽ സ്‌പോൺസർമാർ താത്പര്യം അറിയിച്ച് ദേവസ്വം ബോർഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള സാഹചര്യം വേണ്ട എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്നറിയിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡ‍ന്റ് വ്യക്തമാക്കിയത്.ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും. രണ്ടുദിവസമായി പർണശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്.