Headlines

‘വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തി’; വിവാദ പരാമര്‍ശവുമായി ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിനോദ് കുമാര്‍

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ജാതി അധിക്ഷേപം നടത്തിയ ഡീന്‍ സി എന്‍ വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങള്‍. ഡീനിനെ പിന്തുണച്ച് വിവാദ പരാമര്‍ശവുമായി ബിജെപി സിന്‍ഡിക്കേറ്റ് അംഗം.

ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശം. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചു.

അതേസമയം സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സെനറ്റ് യോഗം ഇന്നും സ്തംഭിച്ചു. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍പിള്ളയ്ക്ക് അനുശോചനം അറിയിച്ചതിന് പിന്നാലെ ഇടത് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി വിജയകുമാരിക്കെതിരെ പ്രതിഷേധിച്ചു. യോഗത്തില്‍ നിന്ന് ഇറങ്ങിയ ബിജെപി അംഗങ്ങള്‍ വിജയകുമാരിയെ ന്യായീകരിക്കുന്നതിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
പിന്നാലെ, ഇത് കണ്ടു നിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി അംഗങ്ങളും തമ്മില്‍ വാക്ക് തര്‍ക്കമായി. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് എസ്എഫ്‌ഐ തീരുമാനം.

സര്‍വ്വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ജാതി അധിക്ഷേപ പരാതി ഉയര്‍ന്ന സി എന്‍ വിജയകുമാരിയെ പുറത്താക്കുക, വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് സര്‍വകലാശാല പടിക്കെട്ട് വരെ എത്തി പ്രതിഷേധിച്ചു.