തിരുവന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത രീതിയിൽ ഭരണപക്ഷവും പോലീസും ചേർന്ന് സർവകലാശാലയെ ഹോസ്റ്റൽ യുദ്ധക്കളമാക്കിമാറ്റിയെന്ന് വി ജോയ് എംഎൽഎ. ഗവൺമെൻറ് സ്പോൺസേർഡ് നരനായാട്ടാണ് നടന്നത്. നിഷ്പക്ഷമായി അന്വേഷിച്ചാൽ ഇടുപ്പിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് അദേഹം ചോദിച്ചു. പൊലീസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി നിയമസഭയിൽ ഉയർത്തികാട്ടിയാണ് വി ജോയിയുടെ പ്രതികരണം.
ലാത്തി വാച്ച് ആൻഡ് വാർഡിന് നൽകാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശം നൽകി. ആരോപണങ്ങൾ പരിശോധിക്കാമെന്നും സ്പീക്കർ ഉറപ്പ് നൽകി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എത്തിയ പൊലീസിന് നേരെയാണ് പ്രതിഷേധക്കാർ കല്ലും ബിയർ കുപ്പിയും എറിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. പോലീസുകാരെ വധിക്കുമെന്ന് നേതാക്കൾ പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. സഭയിൽ ജോയ് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നിങ്ങൾ പ്രതിഷേധം തുടങ്ങിയില്ലേയെന്ന് പ്രതിപക്ഷത്തോട് രമേശ് ചെന്നിത്തല പറഞ്ഞു. എന്തിനാണ് നിങ്ങൾ ഇങ്ങനെ പ്രതിഷേധിക്കുന്നത് എന്ന കാര്യം ഇപ്പോൾ പറയുന്നില്ല. പ്രതിപക്ഷ നേതാവ് എന്തിനാണ് ഇങ്ങനെ കുട്ടികളെ പ്രതിഷേധത്തിന് ഇറക്കുന്നതെന്ന് അദേഹം ചോദിച്ചു. അനാവശ്യ സമരങ്ങളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകരുത്. വ്യക്തമായ ആവശ്യങ്ങൾ ഇല്ലാതെ ആണ് എസ്എഫ്ഐ സമരങ്ങൾ. ന്യായമായ ആവശ്യങ്ങൾ ആണെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പാവപെട്ട പോലീസുകാരന്റെ കയ്യിൽ ഇരുന്ന ലാത്തിയാണ് പിടിച്ചുകൊണ്ടു വന്ന് ജോയ് സഭയിൽ വച്ചതെന്ന് അദേഹം പറഞ്ഞു.
മന്ത്രിയുടെ വിശദീകരണം ലാഘവത്തോടെയാണെന്ന് വി ജോയ് മറുപടി നൽകി. ഹോസ്റ്റലിൽ കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. എസ് ഐ ഗോകുൽ 34 സെക്കൻഡ് കൊണ്ട് 24 അടി ലാത്തി കൊണ്ടടിച്ചു. ഹോസ്റ്റലിൽ എല്ലാ വിഭാഗം വിദ്യാർഥികളും ഇല്ലേ. ധാരാളം മാധ്യമപ്രവർത്തകർക്കും അടികിട്ടി. നിഷ്പക്ഷമായി അന്വേഷിച്ചാൽ ഇടുപ്പിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് മനസ്സിലാകും. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പന്തം എറിഞ്ഞു. ഹോസ്റ്റൽ തീഗോളാമായി മാറി. ഫയർ ഫോഴ്സ് എത്തിയില്ലായിരുന്നു എങ്കിൽ കുട്ടികൾ വെന്ത് മരിച്ചേനെയെന്ന് വി ജോയ് പറഞ്ഞു.







