2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണപ്പാളികൾ കൈമാറരുത് എന്നത് എന്റെ നിർദ്ദേശമായിരുന്നു. 2024ൽ വേറെ തിരുവാഭരണ കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിനുണ്ടായ ആശയക്കുഴപ്പമാണ് കാരണം. ആ പിശക് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടും ചെയ്തിരുന്നു.
സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ നടത്തിയിട്ടുള്ളത്. ആരുടെയെങ്കിലും ഇഷ്ടപ്രകാരം പാളികൾ കൊടുക്കാൻ പാടില്ലെന്ന നിലപാടാണ് താൻ എടുത്തത്. 2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോർഡിനാണ്. ഇപ്രാവശ്യം പക്ഷേ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിൽ ആക്കേണ്ട ആവശ്യമില്ല.എല്ലാ ദുരൂഹതകൾക്ക് അവസാനം വേണമെന്നാണ് ബോർഡിൻറെ നിലപാട് പി എസ് പ്രശാന്ത് വ്യക്തമാക്കി.
തിരുവാഭരണ കമ്മീഷണർക്ക് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. 1998 വിജയ് മല്യ സ്വർണംപൂശിയ കാര്യങ്ങൾ മുതൽ അന്വേഷിക്കട്ടെ. ബോർഡുമായി ബന്ധപ്പെട്ട ഏതൊക്കെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ട് . ഇതൊക്കെ മാധ്യമങ്ങൾ പറയാതെ തന്നെയാണ് ബോർഡ് കണ്ടെത്തിയത്. സ്പോൺസറെ മാറ്റിയത് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു.പുരാവസ്തുവിന്റെ മൂല്യം നിർണയിക്കാൻ ഒരു ഏജൻസി വരണം. അത്തരം കാര്യങ്ങളിൽ തീരുമാനം വരട്ടെ അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട സ്വർണം എല്ലാം തിരിച്ചുപിടിക്കുക എന്നതാണ് ബോർഡിന്റെ നിലപാട്. ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ല. പ്രത്യേക അന്വേഷണസംഘം ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ എല്ലാ വ്യാഖ്യാനങ്ങളും ശരിയല്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ തിരുവാഭരണ കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെയാണ് നിലവിൽ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ പെൻഷൻ ആയവർക്കെതിരായ നടപടി പരിശോധിച്ച ശേഷം കൈക്കൊള്ളും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പെൻഷൻ അടക്കം തടഞ്ഞുകൊണ്ടുള്ള നടപടി ഉണ്ടാകും. ഈ മാസം 14ന് ദേവസ്വം ബോർഡ് യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.സംഭവത്തിൽ മുരാരി ബാബു മാത്രമല്ല കുറ്റക്കാരൻ.
നിലവിൽ സർവീസിൽ ഉള്ള രണ്ടുപേരാണ് പ്രതി പട്ടിയിൽ ഉള്ളതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.