Headlines

‘ആറ്റിങ്ങലില്‍ എ സമ്പത്തിന്റെ തുടര്‍ച്ചയായ വിജയം കള്ളവോട്ടില്‍’; ആരോപണവുമായി അടൂർ പ്രകാശ്

തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂർ പ്രകാശ് എംപി. മണ്ഡലത്തിൽ എ സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ട് കൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ആറ്റിങ്ങലിൽ കള്ള വോട്ട് നടന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാർട്ടിയുടെ നേതാക്കന്മാരുടെ കുടുംബത്തിൽ മൂന്നും നാലും ഇടത്ത് വോട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ബിജെപിയുടെ സ്ഥാനാർഥി ഉന്നതനായ ഒരു മന്ത്രിയാണെന്ന് തനിക്കെതിരെ മത്സരിച്ചത്. ബിജെപിയുടെ കള്ളക്കളികൾ പലതും പുറത്തുകൊണ്ടുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു അതെങ്ങനെയാണെന്ന് പരിശോധിക്കും. കോടതിയെ സമീപിക്കേണ്ടി വന്നാൽ വീണ്ടും സമീപിക്കും. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്. 2019, 2024 തെരഞ്ഞെടുപ്പ് സമയത്താണ് ഇത് കണ്ടെത്തിയതെന്നും
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരെത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.