തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ, ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും. ബന്ധുക്കളുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. ഡോക്ടേഴ്സിന്റേയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഒരാഴ്ചയ്ക്കുള്ളിലാകും ഉന്നതസമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുക. അടിയനന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ഡി എം ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡി എം ഒ നേരിട്ട് ബന്ധുക്കളുടെ മൊഴി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ വീഴ്ച സംഭവിച്ചോ ഇല്ലയോ എന്ന് വ്യക്തമാകൂ.സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെതിരെ നടപടിയെടുത്തിരുന്നു. സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര നടപടി. കടുത്ത നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും സുരക്ഷാ ജീവനക്കാരൻ ദയ കാട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൂട്ടപ്പന സ്വദേശി രാജേഷിൻ്റെ ബന്ധുക്കളുടെ പരാതി ആശുപത്രി സൂപ്രണ്ടും ഭാഗികമായി ശരിവയ്ക്കുന്നു. രാജേഷിന്റെ മരണത്തിൽ രാജേഷിന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയെന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.







