Headlines

‘നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യും’; കടുത്ത പ്രഖ്യാപനവുമായി മൊജ്തബ ഖമനയി

 

കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മൊജ്തബ സന്ദേശം പങ്കുവച്ചത്. ഖമനയിയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തില്‍ ഖബറടക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. പിതാവിന്റെയും യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടയും രക്തത്തിന് പ്രതികാരം ചെയ്യും. ഞങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഇത് സാധ്യമാകും. വൈകാതെ ലോകത്തിലെ എല്ലാ സ്വതന്ത്ര മനുഷ്യരും ഈ ദൗത്യത്തിന്റെ ഒരു ഭാഗം നിറവേറ്റും – അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. പിതാവിന്റെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും അറിയിച്ചു.അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണ്. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.

 

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.