Headlines

ആലപ്പുഴയില്‍ കൊടുംക്രൂരത; ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളുടെ കുഞ്ഞായ ദീപികയാണ് കൊല്ലപ്പെട്ടത്. പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (father killed one year girl in alappuzha)

ക്രൂരകൃത്യം നടത്തുമ്പോള്‍ പിതാവ് മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. ഡോക്ടറുമാരുടെ പരിശോധനയില്‍ തലയില്‍ ഉള്‍പ്പെടെ കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പരുക്കുകള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. പിന്നീട് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പരിതോഷ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ മൂത്ത സഹോദരിയേയും ഇയാള്‍ ആക്രമിച്ചതായും വിവരമുണ്ട്.