കാസര്‍ഗോഡ്: ഡിസിസിയുടെ മുകള്‍ നിലയില്‍ നിര്‍മിക്കുന്ന ഹാളിനെ ചൊല്ലി വിവാദം. തന്റെ പിതാവിന്റെ പേരില്‍ ഹാളുണ്ടാക്കാന് 20 ലക്ഷം ആവശ്യപ്പെട്ടുവെന്ന് കെപിസിസി സെക്രട്ടറി സുബ്ബയ്യ റായി കെപിസിസി പ്രസിഡന്റിന് പരാതി നല്കി. എന്നാല്‍ ഇത് തന്നെ വ്യക്തി ഹത്യ നടത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ മറുപടി. അതേ സമയം.സംസ്ഥാന.തലത്തിലും യുഡിഎഫില്‍ പ്രശ്നങ്ങള്‍ നീറി പുകയുകയാണ്. (Story Highlights : conflict in kasargod dcc over hall)
കഴിഞ്ഞ കുറച്ചു നാളുകളായി കാസര്‍ഗോഡ് ഡിസിസിയില്‍ ഉരുണ്ടു കൂടിയ പടല പിണക്കങ്ങള്‍ ആണ് പരസ്യ പ്രതികരണത്തിലേക്കും പരാതിയിലേക്കും എത്തിയത്. രാജ് മോഹന്‍ ഉണ്ണിത്താന്.എം പി യേ നിലക്ക് നിര്‍ത്തണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പറഞ്ഞുവെന്ന വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിനെതിരെ എഴുതി തയ്യാറാക്കിയ പരാതിയുടെ പകര്‍പ്പ് പുറത്തെതിയത്. ഡിസിസി ഓഫീസിന്റെ മൂന്നാമത്തെ നിലയില്‍ നിര്‍മിക്കുന്ന ഹാളിനെ ചൊല്ലിയാണ് വിവാദം ഉയരുന്നത്. മുന്‍ എം.എല്‍.എയും ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ്റുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ പേരില്‍ ഹാള്‍ നിര്‍മിക്കാനാണ് ഡിസിസി തീരുമാനം. എന്നാല്‍ ആറു മാസം മുന്‍പ് തന്റെ പിതാവും ദീര്‍ഘ കാലം ഡിസിസി പ്രസിഡന്റും മുന്‍ എം പി യുമായ ഐ രാമറായിയുടെ പേരില്‍ ഹാള്‍ പണിയാന്‍ ആലോചിക്കുന്നുവെന്ന് പറഞ്ഞു ഫോണില്‍ സംസാരിച്ചു. അതിന് 20 ലക്ഷം ആവശ്യമാണെന്നും പറഞ്ഞുവെന്നും സാമ്പത്തിക താല്പര്യം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍.ഡിസിസി അധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് സുബ്ബയ റായി കെപിസിസിക്ക് നല്കിയ പരാതി.
എന്നാല്‍ ഒരു ഘട്ടത്തിലും ഇങ്ങനെ ഒരു കാര്യം സുബ്ബയ്യ റായിയുമായി സംസാരിച്ചിട്ടില്ല എന്നും ഇപ്പോള്‍ ചില ആളുകള്‍ കരുതി കൂട്ടി വ്യക്തി ഹത്യ നടത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസലിന്റെ മറുപടി. കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കുമെന്നും പരിഹാരം ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും.പി കെ ഫൈസല്‍ പറഞ്ഞു.
അതേസമയം എം പി ഉള്‍പ്പെടെ എല്ലാവരും പരസ്പരം ബഹുമാനം, സ്നേഹം പങ്കു വെച്ച് പോകണം അതാണ് നല്ലത് എന്ന് കൂടി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കുമ്പോള്‍ തുറന്ന പ്രതികരണം ഇനിയും ഉണ്ടാകുമെന്ന സൂചന കൂടി നല്‍കുന്നുണ്ട്.അതിനിടെ സംസ്ഥാന തലത്തില്‍ യൂ ഡി.എഫില്‍ ഉരുണ്ടു കൂടിയ പ്രശ്നങ്ങള്‍ക്ക് ഇനിയും ശമനം ഉണ്ടാക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. യുഡിഎഫിനുള്ളിലെ ആഭ്യന്തര കലാപത്തില്‍ ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് കണ്‍വീനര്‍. ബോര്‍ഡ് – കോര്പ്പറേഷന് വിഭജനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത കീറാമുട്ടിയായി തുടരുകയാണ്.






