മുംബൈ: ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമ്മിച്ചാലും രക്ഷപ്പെടില്ലെന്ന് പോസ്റ്റിൽ മുന്നറിയിപ്പ്.1984-ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചുള്ള മുന്നറിയിപ്പ്. മുംബൈയിൽ രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി സന്ദേശം.
മുംബൈയിൽ ഇരുനൂറോളം കൂട്ടാളികൾ സജ്ജമാണെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.എന്നാൽ പോസ്റ്റിന്റെ ആധികാരികത പരിശോധിക്കുന്ന പൊലീസ്, ബച്ചൻ കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കി. വികാസ് താക്കൂർ, ദീപക് സിങ് എന്നീ ഷൂട്ടർമാരെയാണ് ഡൽഹി സ്പെഷ്യൽ സെൽ കഴിഞ്ഞ ദിവസം പിടികൂടിയത്. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. അതിനിടെ, ഗുജറാത്തിലെ സബർമതി ജയിലിൽ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയി ജയിലിൽ നിന്ന് ഗുണ്ടാ സംഘത്തെ നിയന്ത്രിക്കുന്നു എന്ന സംശയവും ശക്തമാണ്.







