പുതിയ കെപിസിസി, ഡിസിസി ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടി. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ പറ്റാതെ വന്നതോടെയാണ് ഭാരവാഹി ചര്‍ച്ചകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചത്. കണ്ണൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിലുണ്ടായ തര്‍ക്കമാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായത്.
കണ്ണൂര്‍ ഡിസിസി അധ്യക്ഷനായ മാര്‍ട്ടിന്‍ ജോര്‍ജിനെ മാറ്റണമെന്ന കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫിന്റെ നിലപാടിനെതിരെ കെ സുധാകരന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. നിലവില്‍ കെ സുധാകരന്‍ ഗ്രൂപ്പിന്റെ ഏക ഡിസിസി അധ്യക്ഷനാണ് മാര്‍ട്ടിന്‍. കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതും മാര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു. പുതിയ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ സണ്ണി ജോസഫിനെ അംഗീകരിക്കാന്‍ വിമുഖത കാണിച്ച നേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ജോര്‍ജ്.
കണ്ണൂരില്‍ നിന്നുള്ള കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഡിസിസി വലിയ താല്‍പര്യം കാണിച്ചില്ലെന്ന പരാതി സണ്ണി ജോസഫിനുണ്ട്. റിജില്‍ മാക്കുറ്റിയുടെ പേരാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് ഉയര്‍ത്തിക്കാണിക്കുന്നത.് ക്രിസ്ത്യന്‍ വിഭാഗത്തിന് പുറത്തുള്ള ഒരാള്‍ നേതൃത്വത്തിലെത്തുന്നത് ഗുണകരമാകുമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്.
ക്രിസ്ത്യന്‍, ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചില നേതാക്കളുടെ നിര്‍ദേശവും ചര്‍ച്ച വഴിമുട്ടാന്‍ കാരണമായിരിക്കുകയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഡിസിസി അധ്യക്ഷന്‍ വരണമെന്ന നിര്‍ദേശമാണ് ചില നേതാക്കള്‍ മുന്നോട്ടുവച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷിനെ മാറ്റരുതെന്ന ആവശ്യവും ചില നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ബൈജു, എകെ രാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. തന്റെ അടുത്ത ആളെന്ന നിലയില്‍ ബൈജുവിനെ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചു. ഈഴവ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന നിര്‍ദേശം കെപിസിസിക്ക് മുന്‍പാകെ ചില നേതാക്കള്‍ വച്ചതോടെ പലപേരുകളും മാറ്റേണ്ടിവരും.
എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസി അധ്യക്ഷന്മാരെ മാറ്റേണ്ടതില്ലെന്ന നിലപാട് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍, ചില നേതാക്കള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കായി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച മുന്നോട്ടുപോവാതായത്. കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും ഐക്യമുണ്ടാക്കാന്‍ ഇതുവരെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. എല്ലാവരേയും കുത്തിനിറച്ച് ഒരു ജംബോ കമ്മിറ്റി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പ്ലാന്‍. ആരേയും വെറുപ്പിക്കാതെ, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള കമ്മിറ്റിയാണ് കെപിസിസി അധ്യക്ഷന്‍ പ്ലാന്‍ ചെയ്തത്. ഡല്‍ഹിയില്‍ രണ്ടുദിവസം നേതാക്കളുമായി ചര്‍ച്ച നടത്തിയാല്‍ തീരുമാനമാകുമെന്നായിരുന്നു സണ്ണി ജോസഫ് കരുതിയിരുന്നത്. എന്നാല്‍, ഡല്‍ഹി ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കളെല്ലാവരും കടുംപിടുത്തം തുടരുകയായിരുന്നു.
എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മാറേണ്ടതില്ലെന്ന വിഡി സതീശന്റെ നിലപാടാണ് എല്ലാ നേതാക്കളും മാതൃകയാക്കിയത്. തൃശ്ശൂര്‍ ഒഴികെ എല്ലാം മാറണമെന്ന നിലപാടുള്ള നേതാക്കളും ഉണ്ട്.
ആഗസ്റ്റ് 15നുള്ളില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്നായിരുന്നു എഐസിസിയുടെ നിര്‍ദേശം. ഡല്‍ഹി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതില്‍ ഹൈക്കമാന്റിന് വിദ്വേഷമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇനി ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് നടത്തുമെന്നായിരുന്നു ഡല്‍ഹിയില്‍ നിന്നും മടങ്ങുമ്പോള്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടില്ല. ഭാരവാഹി പ്രഖ്യാപനം തിരക്കിട്ടുണ്ടാവില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നത്. ഇനി ചര്‍ച്ചകള്‍ കൂടാതെ എഐസിസി നേതൃത്വം ഭാരവാഹികളുടെ പ്രഖ്യാപനം നടത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കെപിസിസി, ഡിസിസി മുതല്‍ ബൂത്തുതലം വരെ പുനഃസംഘടിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും, തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ അടിമുടിമാറ്റിയെടുക്കാനുള്ള ഹൈക്കമാന്റ് നിര്‍ദേശം എന്നു നടപ്പാകുമെന്ന് നേതാക്കള്‍ക്കറ പോലും നിശ്ചയമില്ല. അടിമുടി മാറ്റം വരുത്താനുള്ള നിര്‍ദേശം തിരിച്ചടിയാകുമെന്ന ആശങ്കയും ചിലനേതാക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്.