Headlines

1965 ന് ശേഷം ഏഷ്യ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ ചരിത്രമെഴുതി ആയുഷ് ഷെട്ടി

ചൈനയിലെ നിങ്‌ബോയില്‍ നടക്കുന്ന ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ‘ഒറ്റയാള്‍പോരാട്ടം’ നടത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് ഇന്ത്യന്‍ താരം ആയുഷ് ഷെട്ടി. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും ഉശിരോടെ പൊരുതി ഗെയിം തിരികെ പിടിച്ചാണ് ആയുഷ് ഷെട്ടി ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. പുരുഷ സിംഗിള്‍സ് സെമിയില്‍ നിലവിലെ ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ കുന്‍ലാ വുറ്റ് വിറ്റിസാനെ 10-21, 21-19, 21-17ന് അട്ടിമറിച്ചായിരുന്നു ഇരുപതുകാരനായ ആയുഷിന്റെ കുതിപ്പ്. 1965ല്‍ സ്വര്‍ണം നേടിയ ദിനേഷ് ഖന്നയ്ക്കു ശേഷം ഏഷ്യ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ ഫൈന ലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ആയുഷ്. 2023ല്‍ സ്വാതിക്- ചിരാഗ് സഖ്യം പുരുഷ ഡബിള്‍സില്‍ ജേതാക്കളായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക നാലാം നമ്പര്‍ താരം ഇന്തൊനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച ആയുഷ് പാരിസ് ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും 2023 ലെ ലോക ചാമ്പ്യനുമായിരുന്ന വിറ്റിസാനെ 75 – മിനിറ്റു നീണ്ട പോരാട്ടത്തിനൊടവുലാണ് വീഴ്ത്തിയത്. മികച്ച റിട്ടേണുകളുമായി ആദ്യം കളംപിടിച്ചത് വിറ്റിസാനായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഗെയിം മുതല്‍ ആക്രമണത്തിലേക്ക് ഇങ്ങിയ ആയുഷ് ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ ആധിപത്യം നേടുകയായിരുന്നു. ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഷി യൂ ഖിയാണ് എതിരാളി.