കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്. ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി. തനിക്കും സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു. ഇന്‍ഡോറില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റെടുത്ത് കൊണ്ട് വന്നതും ഫര്‍മാന്‍ ഖാനാണെന്നും വിവാഹം നടന്നുവെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ( Kumbh Mela viral star’s wedding )
മകളെ തിരിച്ചുവേണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ പക്കല്‍ ഉള്ള രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതെന്നും പിതാവ് പറഞ്ഞു.അതേസമയം പെണ്‍കുട്ടിയുടെ വിവാഹത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിഡേഷ് അന്വേഷിക്കും. വിശദ അന്വേഷണത്തിന് ശേഷമായിരിക്കും ലഭിച്ച പരാതികളില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വിഷയം വിവാദമായതോടെയാണ് സംസ്ഥാന പോലീസ് മേധാവി റവാസ ചന്ദ്രശേഖര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. എഡിജിപി എച്ച് വെങ്കിടേഷിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതി ഉടന്‍ നിയമനടപടി ഉണ്ടാകില്ല.
വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വിവാഹ സമയത്ത് പെണ്‍കുട്ടിയുടെ പ്രായത്തെ സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് വധു വരന്മാര്‍ സമീപിച്ച തമ്പാനൂര്‍ പൊലീസ് പറയുന്നത്. ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയിരുന്നില്ലെന്നും തമ്പാനൂര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 22ന് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് സമര്‍പ്പിക്കാനാണ് മധ്യപ്രദേശ് പൊലീസിന്റെ നീക്കം.





