🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍.. സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവയും തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കും.
🔳സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി ഉണ്ടാവും.
🔳ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ക്ക് കാലോചിതമായ മാറ്റം വരുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. 12 നമസ്‌കാരം, കാല്‍കഴുകിച്ച് ഊട്ട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വഴിപാട് സമാരാധന എന്ന പേരിലേക്ക് മാറ്റാനാണ് തീരുമാനം.
🔳കേരളത്തെ ആക്ഷേപിച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതിനെ ബിജെപി എതിര്‍ത്തു. രാജ്യസഭയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇടതുപക്ഷം ഇറങ്ങിപോയി.
🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്ത് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ശ്രമിച്ചുവെന്നും യുപിയില്‍ ബിജെപി തോറ്റാല്‍ ജനങ്ങള്‍ക്ക് നേട്ടമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
🔳കേരളം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണം കൊണ്ടല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയെന്നും അക്കാര്യമാണ് യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്നും വി. മുരളീധരന്‍.
🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു
🔳അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കല്‍ തുടങ്ങി. ഒരു റോപ്പ് വേ പോയാല്‍ ആരും ഇവിടെ പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പൊളിച്ചുനീക്കല്‍ നടപടികള്‍ക്ക് പിന്നാലെ അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
🔳എം.എസ്.എഫ് ഹരിത വിഷയത്തില്‍ പെണ്‍കുട്ടികളെ പിന്തുണച്ചുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്. വയനാട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ഇരകളെ സംരക്ഷിക്കുന്നതിന് പകരം അവര്‍ക്കെതിരെ നടപടിയെടുത്ത ലീഗിനേറ്റ വലിയ തിരിച്ചടിയായി കോടതി ഉത്തരവ്.
🔳തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
🔳സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു.
🔳റാലി താരവും റോയല്‍ എന്‍ഫീല്‍ഡ് ആദ്യകാല ഡീലറുമായ ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ മകന്‍ ജവീന്‍ മാത്യു (52) ബൈക്കപകടത്തില്‍ മരിച്ചു. കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപം ഉണ്ടായ അപകടത്തിലായിരുന്നു മരണം.
🔳കാര്‍ സ്‌കൂട്ടറിലിടിച്ച് കെ.എസ്.ഡി.പി.യിലെ സീനിയര്‍ അക്കൗണ്ടന്റ് മരിച്ചു. സീവ്യൂ വാര്‍ഡില്‍ വടക്കേക്കളം വീട്ടില്‍ ടീന ഏബ്രഹാം (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ഓഫീസില്‍ നിന്നു മടങ്ങി വരുന്ന വഴി വെള്ളാപ്പള്ളി പള്ളിക്ക് സമീപം ആലപ്പി കമ്പനിക്ക് മുന്നിലായിട്ടായിട്ടായിരുന്നു അപകടം.
🔳അമ്പലമുക്കില്‍ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തെളിവെടുക്കും. പ്രതി രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തില്‍. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ മാല മോഷ്ടിക്കാനായി കൊലപാതകം നടത്തിയെന്നാണ് വിവരം.
🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതികള്‍.
🔳കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താല്‍, പരോള്‍ തടവുപുള്ളിയുടെ അവകാശം അല്ലെന്നും കോടതി വ്യക്തമാക്കി.
🔳ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
🔳ഹിജാബ് വിവാദവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമാകുന്നതിനിടെ, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രാജ്യസഭാ എം.പി വിനയ് സഹസ്രബുദ്ധെയും. ഏകീകൃത സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു.
🔳ഇന്ത്യയിലെ ഹിജാബ് സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുന്നു. നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയില്‍ ഹിജാബ് ധരിച്ച് കോളേജില്‍ പോകുന്ന മുസ്ലീം വിദ്യാര്‍ഥിനികളെ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെ 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീലാണ് പോള്‍ പോഗ്ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.
🔳സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററിന്റെ ഉത്തരവ് പ്രകാരമാണ് ജിഎസ്‌കെ ഹെല്‍ത്ത്കെയറിന്റെ ബ്രാന്റായ സെന്‍സോഡൈന്‍ ഇറക്കുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ രാജ്യത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു. നിയമലംഘനത്തിന്റെ പേരിലാണ് ഉത്തരവ് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നാപ്ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെതിരെയും സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപാര മര്യാദകള്‍ ലംഘിച്ചതിനും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം രൂപ പിഴയാണ് നാപ്ടോളിന് സിസിപിഎ വിധിച്ചിരിക്കുന്നത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ബംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ഐഎസ്എല്ലില്‍ ഛേത്രിയുടെ 50-ാം ഗോളായിരുന്നു അത്. ഇതോടെ ഐഎസ്എല്ലില്‍ 50 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാനും ഛേത്രിക്ക് സാധിച്ചു.
🔳വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വിന്‍ഡീസിനെ തകര്‍ക്കുന്നതില്‍ പ്രധാനികളായി. നേരത്തെ, ശ്രേയസ് അയ്യര്‍ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് കരുത്തായത്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 80,089 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 27 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 465 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 61,626 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,087 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,05,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256.
🔳രാജ്യത്ത് ഇന്നലെ 48,183 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 5,455, കര്‍ണാടക- 3,976, തമിഴ്‌നാട്- 3,086, ഡല്‍ഹി- 977.
🔳ആഗോളതലത്തില്‍ ഇന്നലെ 22,24,187 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 1,59,997, ഫ്രാന്‍സ് – 1,31.376, റഷ്യ- 2,03,949, തുര്‍ക്കി – 95,065, ഇറ്റലി- 67,152, ജര്‍മനി – 2,29,989, ജപ്പാന്‍ – 1,00,097. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 40.85 കോടിപേര്‍ക്ക്. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,997 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,167, ഇന്ത്യ – 804, ബ്രസീല്‍ – 1041, റഷ്യ- 722. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.18 ലക്ഷമായി.
🔳പ്രമുഖ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ്, മീഡിയ കമ്പനിയായ ഫോര്‍ബ്സില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാകും നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനിയായ മാഗ്‌നം ഓപസ് അക്വിസിഷന്‍ ലിമിറ്റഡ് വഴി മാര്‍ച്ച് അവസാനത്തോടെയാകും ഇടപാട് നടക്കുക. മാഗ്‌നം ഓപസ്, ബിനാന്‍സ് എന്നിവയുമായുള്ള ഇടപാടിലൂടെ ഫോര്‍ബ്സിന്റെ ബ്രാന്‍ഡ്, സംരംഭക മൂല്യം ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
🔳മുന്‍നിര ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന് തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായത്തില്‍ ഗണ്യമായ ഇടിവ്. 2021 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍, വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടും അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 71 ശതമാനം ഇടിവോടെ 146 കോടി രൂപയാണ് കമ്പനിക്ക് അറ്റാദായം നേടാനായത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 512 കോടി രൂപയായിരുന്നു ടയര്‍നിര്‍മാണക്കമ്പനി അറ്റാദായം നേടിയത്. 2021 ഡിസംബറിലെ അറ്റ വില്‍പ്പന 4,920.13 കോടി രൂപയാണ്. 2020 ഡിസംബറില്‍ 4,641.60 കോടി രൂപയില്‍ നിന്നും 6% ഉയര്‍ന്നു.
🔳സോണിയ അഗര്‍വാള്‍ നായികയാകുന്ന ചിത്രമാണ് ‘ഗ്രാന്‍ഡ്മാ’. ഷിജിന്‍ലാല്‍ എസ് എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ചിത്രമാണ് ‘ഗ്രാന്‍ഡ്മാ’. ‘ഗ്രാന്‍ഡ്മാ’ എന്ന ചിത്രത്തിനായി സിത്താര കൃഷ്ണകുമാര്‍ പാടിയ മനോഹരമായ ഗാനം പുറത്തുവിട്ടു. ‘കതൈയേ കതൈയേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ജെസിന്‍ ജോര്‍ജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കരുണ ശരണ്‍ ആണ് ഗാനരചന. ജെസിന്‍ ജോര്‍ജും സിത്താര കൃഷ്ണകുമാറിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നു. വിമലാ രാമന്‍, പൗര്‍ണമി രാജ്, ചാര്‍മിള, ഹേമന്ത് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
🔳വലിയ ഇടവേളയ്ക്കു ശേഷം തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ തിയറ്ററുകളിലെത്തുന്നതിന്റെ ആഹ്ളാദത്തിലാണ് മഹേഷ് ബാബു ആരാധകര്‍. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഏപ്രില്‍ 1 ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു സോംഗ് പ്രൊമോ പുറത്തുവിട്ടു. ‘കലാവതി’ എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോയാണ് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അനന്ദ ശ്രീറാമിന്റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിദ് ശ്രീറാമാണ് പാട്ട് പാടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. 14ന് മുഴുവന്‍ ഗാനം പുറത്തെത്തും.
🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചു. 2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്ററിന് ഹ്യുണ്ടായ് ക്രെറ്റയും കിയ സെല്‍റ്റോസും ലോഞ്ച് ചെയ്തതോടെ മത്സരം ശക്തമായി. സ്‌കോഡ, ഫോക്‌സ്വാഗണ്‍, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ ആധുനിക ഓഫറുകളുമായിഎത്തിയതോടെ ഡസ്റ്ററിന് ആകര്‍ഷണീയത നഷ്ടപ്പെട്ടു. അതിനാലാണ് രാജ്യത്ത് അതിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. വരും വര്‍ഷങ്ങളില്‍ (ഒരുപക്ഷേ 2023 ല്‍) മൂന്നാം തലമുറ ഡസ്റ്റര്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
🔳ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായിരുന്ന ഇന്ത്യ, കോളനിവത്കരിക്കപ്പെട്ടതിന്റെ കഥയാണ് വില്ല്യം ഡാല്‍റിമ്പിള്‍ ‘അനാര്‍ക്കി’ എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്. ചരിത്രപുസ്തകങ്ങളില്‍ നിര്‍ജീവമായി കിടന്ന സംഭവങ്ങളെ ഒരു നോവലിന്റെ കൈയടക്കത്തോടെ വിവരിച്ചിരിക്കുന്ന ഈ കൃതി മറക്കാനാകാത്ത ഒരു അനുഭവമാകും വായനക്കാരന് നല്‍കുക. വിവര്‍ത്തനം-സുരേഷ് എം.ജി. ഡിസി ബുക്സ്. വില 675 രൂപ.
🔳പാരസെറ്റമോളിന്റെ നിത്യവുമുളള ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ പഠനഫലം. അതേസമയം, ഇടയ്ക്ക് പനിയോ തലവേദനയോ വരുമ്പോള്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ഏറെക്കാലം നിത്യേനയുള്ള ഉപയോഗമാണ് പ്രശ്നമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഹൃദയാഘാത, പക്ഷാഘാത സാധ്യതയുള്ളവര്‍ക്ക് പാരസെറ്റമോള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ ചരിത്രമുള്ള 110 രോഗികളിലാണ് ഗവേഷണം നടത്തിയത്. യുകെയില്‍ 10 പേരില്‍ ഒരാള്‍ വേദനസംഹാരിയായി നിത്യവും പാരസെറ്റമോള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെ മുതിര്‍ന്നവരില്‍ മൂന്നിലൊരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നേരിടുന്നു. വേദനസംഹാരിയെന്ന നിലയില്‍ ഡോക്ടര്‍മാര്‍ പാരസെറ്റമോള്‍ കുറിക്കുമ്പോള്‍ ഏറ്റവും ചെറിയ ഡോസില്‍ തുടങ്ങി ഘട്ടം ഘട്ടമായി മാത്രം ഡോസ് ഉയര്‍ത്തണമെന്നും വേദന നിയന്ത്രിക്കാന്‍ പറ്റുന്ന അളവിനു മേല്‍ ഡോസ് നല്‍കരുതെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ തെറാപ്യൂട്ടിക്സ് ആന്‍ഡ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ചെയര്‍ പ്രഫസര്‍ ഡേവിഡ് വെബ് നിര്‍ദ്ദേശിക്കുന്നു. വേദന മാറാന്‍ പാരസെറ്റമോള്‍ കഴിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വേറേ മരുന്ന് ഉപയോഗിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ശുഭദിനം
കവിത കണ്ണന്‍
ശിഷ്യരുടെ ഗുരുകുലവിദ്യാഭ്യാസം അവസാനിച്ചു. ഇനി പ്രായോഗിക ജീവിതത്തെ കുറിച്ച് പഠിക്കുന്നതിനായി ഗുരു ശിഷ്യരെ പല വീടുകളിലേക്ക് അയച്ചു. അതില്‍ ഒരാള്‍ക്ക് മാലിന്യം നീക്കുന്നയാളിന്റെ വീട്ടിലായിരുന്നു നില്‍ക്കാനുള്ള അവസരം ലഭിച്ചത്. ശിഷ്യന് അതൃപ്തി തോന്നിയെങ്കിലും മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. അയാള്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും സ്വീകരിക്കുമ്പോള്‍ ശിഷ്യന്‍ ഒരു അകലം പാലിച്ചുകൊണ്ട് നിന്നു. ജോലിക്ക് ശേഷം അയാള്‍ ദേഹശുദ്ധിവരുത്തി, മാതാപിതാക്കളെ കുളിപ്പിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി, തന്റെ വീട്ടില്‍ വന്ന അതിഥിക്കും ഭക്ഷണം നല്‍കി അയാള്‍ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അയാള്‍ ശിഷ്യനോട് പറഞ്ഞു: ഞാനധികം പഠിച്ചിട്ടില്ല. എഴുത്തും വായനയും നന്നായി അറിയുകയുമില്ല. എനിക്ക് ആകെയുള്ളത് എന്റെ ജോലിയും എന്റെ കുടുംബവുമാണ്. ഈ രണ്ടുകാര്യങ്ങളിലും ഞാന്‍ നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്നു. ശിഷ്യന് അതൊരു പുതിയ പാഠമായിരുന്നു. ചുറ്റുപാടുകളെക്കുറിച്ചും അവിടെ ജീവിക്കുന്നവരുടെ പരിവേദനങ്ങളെക്കുറിച്ചും അറിയാത്തവരുടെ പഠനങ്ങള്‍ പ്രദര്‍ശനവസ്തുവാക്കാന്‍ മാത്രമേ ഉപകരിക്കൂ. വയലും തെരുവും ചന്തയുമെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സ്‌ക്രീനില്‍ കാണിക്കുന്നതിനുപകരം ശിഷ്യരുമായി അവിടെയെത്തി അവയുടെ നിറവും ഗന്ധവും അനുഭവവും പകരുകയാണ് വേണ്ടത്. കണ്ടുമുട്ടിയും അനുഭവിച്ചറിഞ്ഞും പഠിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്തിനെയും ആദരവോടെ മാത്രമേ കാണാനാകൂ. അകത്തിരുന്നുപഠിച്ചതുപോലെയല്ല പുറത്തേ ജീവിതമെന്നും, പുറമെ കാണുന്നതുപോലെയല്ല അകമേയുള്ള ജീവിതമെന്നും തിരിച്ചറിയാനാകും. പരസ്യജീവിതവും രഹസ്യജീവിതവും എല്ലാവര്‍ക്കുമുണ്ട്. രണ്ടും ഒരുപോലെ വൃത്തിയുള്ളതാകുമ്പോഴാണ് ജീവിതം വിശുദ്ധമാകുന്നത്. നമുക്കും അനുഭവിച്ചറിഞ്ഞ് പഠിക്കാന്‍ ശീലിക്കാം – ശുഭദിനം.