ഐപിഎൽ മെഗാ താരലേലത്തിന് തുടക്കമായി. ബംഗളൂരുവിൽ ശനി ഞായർ ദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. അന്തിമ ലേലപ്പട്ടികയിൽ 590 കളിക്കാരുണ്ട്. അതിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശതാരങ്ങളുമാണ്.
ഒരു ടീമിന് തെരഞ്ഞെടുക്കാവുന്ന പരമാവധി കളിക്കാരുടെ എണ്ണം 25 ആണ്. ഇതിൽ എട്ട് വിദേശതാരങ്ങൾ വരെയാകാം. ഒരു ടീമിന് താരങ്ങൾക്കായി 90 കോടി രൂപ വരെ ചെലവഴിക്കാം. അതേസമയം നാല് താരങ്ങളെ നിലനിർത്തിയ ടീമിന്റെ 42 കോടി രൂപ കുറക്കും. ബാക്കി 48 കോടിയാണ് ലേലത്തിനായി ഉപയോഗിക്കാനാകുക. മൂന്ന് കളിക്കാരെ നിലനിർത്തിയ ടീമിന് 33 കോടി രൂപ കുറക്കും
ശിഖർ ധവാനെ 8.25 കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. രവിചന്ദ്ര അശ്വിനെ 5 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ശ്രേയസ്സ് അയ്യർക്ക് വേണ്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി രൂപ മുടക്കി. ശ്രേയസ്സ് കൊൽക്കത്തയുടെ നായകനാകുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കൻ താരം റബാദ 9.25 കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സിൽ എത്തി. പാറ്റ് കമ്മിൻസിനെ 7.25 കോടി രൂപക്ക് കൊൽക്കത്ത സ്വന്തമാക്കി.