ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വിശദീകരണം. ജർമ്മൻ പൗരനാണെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും ധ്രുവ് റാഠി വ്യക്തമാക്കി. തന്നെ പൊലീസ് കിഡ്നാപ്പ് ചെയ്യുകയായിരുന്നെന്ന് ധ്രുവ് റാഠി പറഞ്ഞു. തന്നെ നിയമപരമായി അറസ്റ്റ് ചെയ്യുകയല്ല ചെയ്തതെന്നും , മറിച്ച് വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് ഗുണ്ടകളെപ്പോലെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തെന്നുമാണ് വീഡിയോയിൽ ധ്രുവ് റാഠി ആരോപിച്ചത്.
രാവിലെ 7 മണിയോടെ 20-ഓളം പേർ ബെഡ്റൂമിലേക്ക് അതിക്രമിച്ചുകയറി തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തൻ്റെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുക്കുകയും, അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ അനുവദിക്കാതെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തെന്ന് ധ്രുവ് റാഠി പറഞ്ഞു. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്നും അദേഹം വിമർശിച്ചു.
തങ്ങളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സോനം വാങ്ചുക്കിനും തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം എത്ര തന്നെ അടിച്ചമർത്താൻ നോക്കിയാലും സത്യം വിളിച്ചുപറയുന്നത് തുടരുമെന്നും ധ്രുവ് റാഠി പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്.









