Headlines

മേല്‍ശാന്തിയുടെ വാടകവീട്ടില്‍ കൊട്ടാരക്കര ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയ സംഭവം: റിപ്പോര്‍ട്ട് തേടി ദേവസ്വം ബോര്‍ഡ്

കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകയ്‌ക്കെടുത്ത വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരിപ്രസാദമാണ് മേല്‍ശാന്തി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം അസി. ദേവസ്വം കമ്മീഷണര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ നിരവധി മദ്യക്കുപ്പികളും ഈ മുറിയില്‍ നിന്ന് പിടിച്ചെടുത്തു.തിടപ്പള്ളിയില്‍ നിര്‍മ്മിക്കേണ്ട പ്രസാദമാണ് തൊട്ടടുത്ത വാടക വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയത്.

ശുചിമുറിക്ക് സമീപം ക്ഷേത്രത്തില്‍ പ്രസാദം വിതരണം ചെയ്യുന്ന ഇല കൂട്ടിയിട്ടത് ഉള്‍പ്പെടെ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ടായിരുന്നു. ഗണപതി ഹോമത്തില്‍ നിന്നും ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കില്‍ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടത്. ദര്‍ഭപ്പുല്ല് പോലുള്ള വസ്തുക്കള്‍ കരിച്ചാണ് ഇവയുണ്ടാക്കേണ്ടത്. എന്നാല്‍ ഉപയോഗ ശൂന്യമായ വാഴയില കത്തിച്ചാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. സ്ഥലത്ത് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു.