തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. പരിമിതിയില്ലാത്ത വിധം ഭൂരിപക്ഷം ഉണ്ടാക്കാൻ ഇത്രയധികം വോട്ടുകൾ ചേർക്കുന്നു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്. ഒരു സ്ഥാനാർഥി പുറത്തുനിന്ന് വന്ന് മത്സരിച്ചിട്ട് ഇത്രയധികം വോട്ട് ലഭിക്കുക അസാധ്യമാണ്. വോട്ടുകളുടെ എണ്ണം പറഞ്ഞാണ് കണക്കുകൾ പുറത്തുവിട്ടത്.പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സിപിഐഎം കള്ളവോട്ട് ചേർക്കുന്നു എന്നതും മറ്റൊരു സത്യമാണ്.സിപിഐഎമ്മിലെ സാധാരണക്കാർക്ക് വരെ ഇത് അറിയാം. അവരല്ലേ കള്ളവോട്ട് ചെയ്യാൻ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി വ്യാജ വോട്ട് ചേർത്തത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ വിവാദം കൊഴുക്കുന്നതിനിടെ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്തെത്തിയിരുന്നു. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ തങ്ങളുടെ മേൽവിലാസത്തിൽ ആറ് കള്ളവോട്ടുകൾ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ .പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രസന്ന അശോകൻ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമീപ പഞ്ചായത്തുകളിലെയും ആലത്തൂർ മണ്ഡലത്തിലെയും ബിജെപിയുടെ കേഡർ വോട്ടുകൾ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്നായിരുന്നു എൽഡിഎഫ്- യുഡിഎഫ് ആരോപണം. ഇത് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് പ്രസന്ന അശോകൻ നടത്തിയത്.