ഗവര്‍ണറുടെ പെരുമാറ്റം ആര്‍എസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിശ്വനാഥ് ആര്‍ലേക്കര്‍ ഭരണഘടനാ പദവിയുടെ അന്തസ് നശിപ്പിക്കുകയാണെന്നും വിഭജന ഭീതി ദിനം ആചരിക്കുന്നമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശാല വിസിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ ഗവര്‍ണറുടെ നടപടി ജനാപത്യവിരുദ്ധവും, അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
കേരളാ ഗവര്‍ണര്‍ നിരന്തരമായി മാന്യതയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ല. വിശ്വനാഥ് ആര്‍ലേക്കര്‍ നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്തു നിന്നല്ല ഗവര്‍ണറുടെ ശമ്പളം വാങ്ങുന്നതെന്ന, ഓര്‍മ്മ വേണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു.
ഭരണഘടനാ വിരുദ്ധ നടപടികള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം സര്‍ക്കുലര്‍ നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.