Headlines

വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

 

ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാട്ട്സാപ്പ് യൂസര്‍നെയിം വിവാദത്തിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചത്. പഞ്ചാബ് ചിത്രം സത്‌ലജ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രത്തിനും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും കേന്ദ്രം തയ്യാറെടുക്കുകയാണ്. ( Govt Weighs Uniform Rules For Messaging Apps)

 

 

വാട്‌സ്ആപ്പ് യൂസര്‍നെയിം വിഷയത്തില്‍ കേന്ദ്രത്തിനുണ്ടായ ആശങ്കകള്‍ക്ക് പിന്നാലെയാണ് നിയമപരമായ പഴുതുകള്‍ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത്. ഒരു പ്ലാറ്റ്ഫോമിലെ ഫീച്ചര്‍ തടയുമ്പോള്‍ മറ്റ് പ്ലാറ്റ്ഫോമുകള്‍ സമാന സേവനങ്ങള്‍ നല്‍കുന്ന സാഹചര്യം ഒഴിവാക്കുകയാണ് നീക്കം. അന്തിമ തീരുമാനത്തിന് മുന്‍പ് എല്ലാ മെസ്സേജിങ് പ്ലാറ്റ്ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍, അരടൈ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് പൊതു നിയമം കൊണ്ടുവരുന്നത്. ഇതിനായി ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി രൂപീകരിച്ച സമിതി ചര്‍ച്ചകള്‍ ആരംഭിച്ചു. വാട്‌സാപ്പിനും ടെലിഗ്രാമിനും നല്‍കിയ നോട്ടിസുകളുടെ മറുപടികളും കേന്ദ്ര ഐടി – ഇലക്ട്രോണിക്‌സ് മന്ത്രാലയം പരിശോധിച്ചുവരികയാണ്.അതേസമയം പഞ്ചാബ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതം പ്രമേയമാക്കിയ സത്‌ലജ് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി. സിനിമ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണ്. ചിത്രം ഭീകരതയെ വെള്ളപൂശുന്നുവെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ചിത്രം ഒടിടിയില്‍ പുറത്തിറക്കിയതോടെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.