കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. തൃശൂരിൽ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴൽപ്പണ കേസ് വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്യലിനായി എത്തുന്നത്.
നേരത്തെ ആറിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും പാർട്ടി ഭാരവാഹി യോഗം നടക്കുന്നതിനാൽ സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയില്ല. എന്നാൽ കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമായിരുന്നു രാവിലെ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞത്
സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേൽ ബിജെപി നേതാക്കൾക്കെതിരെ മൊഴി നൽകാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമെന്ന് കെ സുരേന്ദ്രൻ ആരോപണം ഉയർത്തുകയും ചെയ്തു.