സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ സൈബർ യുദ്ധം അവസാനിക്കുന്നില്ല. ഡിജിറ്റൽ മീഡിയാ സെൽ അംഗങ്ങൾ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതാണ് പാർട്ടിയിലെ പുതിയ പ്രതിസന്ധി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷനേതാവിനെ പേരെടുത്ത് പറഞ്ഞും അല്ലാതെയും വിമർശനം തുടരുകയാണ്. ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശമാണ് പ്രകോപന കാരണം.
ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളും വി.ഡി സതീശന്റെ നിലപാടിനെതിരാണ്. അതേസമയം സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ക്യാമ്പെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തിൽ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായ ഇടപെടൽ നടത്തിയിട്ടില്ല.സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ രൂക്ഷമായി വിമർശിക്കാനാണ് സംസ്ഥാന തലത്തിൽ ഡിജിറ്റൽ മീഡിയ സെൽ രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ മീഡിയ സെൽ പ്രവർത്തിക്കുന്നത് വിഡി സതീശനെതിരെയുള്ള പോസ്റ്റുകളുമായാണ്. ബിഹാർ ബീഡി’പരാമർശവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലായിരുന്നു ഡിജിറ്റൽ മീഡിയ ടീം കോൺഗ്രസിനായി പ്രവർത്തിക്കുന്നതായി അറിയില്ലെന്ന് വിഡി സതീശൻ പറഞ്ഞത്.