Headlines

ട്രംപ് ‘കീഴടങ്ങുന്നു’; ആണവ കരാറിൽ തീരുമാനമില്ലെങ്കിലും യുദ്ധം നിർത്താം, ഹോർമുസ് തുറന്നാൽ മതി

 

വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവകരാറിൽ തീരുമാനമായില്ലെങ്കിലും ഹോർമുസ് പൂർണമായും തുറന്നാൽ യുദ്ധത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറാകുന്നെന്ന് യുഎസ് മാധ്യമമായ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.പൂർണവും അന്തിമവുമായ ആണവകരാർ വേണം എന്നതില്‍ ഉറച്ചുനിൽക്കുന്നതിനു പകരം ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിച്ചാൽ യുദ്ധത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സൈനിക നടപടികൾ അവസാനിപ്പിക്കാനും നിലവിലുള്ള വെടിനിർത്തൽ നീട്ടാനും ട്രംപ് ഭരണകൂടം നീങ്ങുന്നതായാണു സൂചന. ഇക്കാര്യത്തിനായി ട്രംപ് ആഴ്ചകളായി ശ്രമം നടത്തുകയാണെന്നും ഇറാനുമായി പുതിയ ആണവകരാർ ഇല്ലാതെ തന്നെ പിന്മാറാമെന്നു മുതിർന്ന സഹായികളോട് അദ്ദേഹം പറഞ്ഞതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.എന്നാൽ ഹോർമുസ് തുറന്നുകൊടുക്കാനായി കർശന ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിട്ടുള്ളത്. യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കൽ, ഇറാന്റെ മേഖലയിൽനിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റം, ഉപരോധങ്ങൾ നീക്കം ചെയ്യൽ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകൽ തുടങ്ങിയവയാണ് നിബന്ധനകൾ. യുഎസുമായുള്ള യുദ്ധത്തിൽ ഇറാന്റെ ഏറ്റവും വലിയ ‘ആയുധമാണ്’ ഹോർമുസ് കടലിടുക്ക്.