കീമില്‍ സര്‍ക്കാരിന് തിരിച്ചടി : റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്‍ജിനീറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍നടപടി ആലോചിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

വിശദമായ വാദങ്ങളാണ് വിഷയത്തില്‍ നടന്നത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചു. പ്രോസ്‌പെക്ടസ് മാറ്റാനുള്ള കാരണം കോടതിയെ അറിയിച്ചു. തുല്യത ഉറപ്പാക്കുന്നതിനായാണ് പുതിയ രീതി അവലംബിച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സബ്‌ജെക്റ്റ് സെര്‍ച്ച് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിര്‍ദേശപ്രകാരം കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ടാണ് പുതിയ രീതി നടപ്പിലാക്കാന്‍ ശ്രമിച്ചതെന്ന് കോടതിയോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ഡിവിഷന്‍ ബെഞ്ച് കണക്കാക്കിയില്ല.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു ഉത്തരവ്.