പ്രഭാത വാർത്തകൾ

 

◼️അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

◼️കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സൂഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് സംഭവം. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്ന ഇരുപത്തിനാലുകാരനെ അറസ്റ്റു ചെയ്തു. ജോണ്‍ ബിനോയാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോപിച്ചതില്‍ കുപിതനായാണ് ഇയാള്‍ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്നു പോലീസ് പറഞ്ഞു.

◼️സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒന്നാം ടേം പരീക്ഷഫലം ഇന്നു പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി സ്‌കോര്‍ പരിശോധിക്കാം. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളില്‍ 36 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളില്‍ ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

◼️മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള പ്രായപരിധി ഒഴിവാക്കി. നിലവില്‍ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങള്‍ക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി.

◼️പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്കു മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്നതിനാലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

◼️സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ആകെ പത്തു കോടി രൂപയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ പക്കലുള്ളത്. ശമ്പളംനല്‍കാന്‍ ഇതിന്റെ പത്തിരട്ടി തുക വേണം. 50 കോടി രൂപ വായ്പയെടുത്ത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാണ് ഇപ്പോഴത്തെ ആലോചന.

◼️കൊച്ചി കലൂരിലെ ലോഡ്ജില്‍ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരി നോറ മരിയയുടെ പിതാവ് സജീവിനു മര്‍ദനമേറ്റു. കുഞ്ഞിന്റെ സംസ്‌കാരത്തിനുശേഷം രാത്രി ഏഴരയോടെ ഭാര്യ ഡിക്സിയുടെ വീടിനടുത്ത് അമിതവേഗത്തില്‍ കാറോടിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. കാറിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തു.

◼️അമ്മായിയമ്മക്കും സുഹൃത്തിനും പണം കൊടുക്കാത്തതിനാലാണ് തന്നോട് വൈരാഗ്യമെന്ന് കലൂരില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഡിക്സി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് സജീവന്‍ തന്നേയും മക്കളേയും സംരക്ഷിക്കാതെ അലസനായി ജീവിക്കുന്നതിനാലാണ് തനിക്കു വിദേശത്തു ജോലിക്കു പോകേണ്ടിവന്നത്. മക്കളെ സംരക്ഷിക്കാത്തതിനാല്‍ ഭര്‍ത്താവിനു പണം അയച്ചു കൊടുക്കുന്നതു നിര്‍ത്തിയിരുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനെതിരേ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു.

◼️ഹോട്ടല്‍മുറിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് വിട്ടയച്ച മുത്തശിയെ വീണ്ടും ചോദ്യം ചെയ്യും. മകളുടെ മരണവാര്‍ത്തയറിഞ്ഞ് അമ്മ ഡിക്സി വിദേശത്തുനിന്ന് എത്തിയിരുന്നു. സജീവിന്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാലു വയസുകാരന്‍ മകനെ ഡിക്സിക്കും കുടുംബത്തിനുമൊപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.

◼️കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ജോണ്‍ ബിനോയിക്കു കൊല്ലപ്പെട്ട നോറയുടെ മുത്തശിയുമായുള്ള ബന്ധം വിലക്കിയിരുന്നെന്ന് പ്രതി ജോണ്‍ ബിനോയിയുടെ അമ്മ ഇംതിയാസ്. തന്റെ ദത്തുപുത്രനാണ് ജോണ്‍ ബിനോയി. വളര്‍ന്നപ്പോള്‍ ശല്യക്കാരനായതിനാല്‍ വീട്ടില്‍ വരരുതെന്ന് വിലക്കിയിരുന്നു. പോലീസില്‍ പരാതിയും നല്‍കി. വീട്ടില്‍ കയറരുതെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. ഇംതിയാസ് പറഞ്ഞു.

◼️രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് തുടക്കമാവും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. തിയറ്ററുകളില്‍ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.

◼️എച്ച്എല്‍എല്‍ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കത്തയക്കുക. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

◼️രാജ്യസഭ നേതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പരിഗണന വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. കെ.വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കേയാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെ പ്രതികരിച്ചത്.

◼️തലയോലപ്പറമ്പ് കീഴൂര്‍ ഡിബി കോളജില്‍നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങിമരിച്ചു. എംഎ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്. പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന്റെ ട്രക്കിംഗിനിടെ കാല്‍ വഴുതി ജിഷ്ണു പുഴയിലേക്കു വീഴുകയായിരുന്നു.

◼️നെയ്യാറ്റിന്‍കരയില്‍ ബസ്റ്റാന്റിനു സമീപത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. വിദ്യാര്‍ത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതി 21,000 രൂപ കവര്‍ന്നു. ജ്വല്ലറി ഉടമ കസേരയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. യുവതി കൗണ്ടറില്‍ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു.

◼️പത്തനംതിട്ട കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് ശിക്ഷ. അച്ചന്‍കോവില്‍ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചത്.

◼️കാസര്‍കോട്ട് ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

◼️വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുന് എതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതി അര്‍ജുനും എസ്സി വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്.

◼️വര്‍ക്കലയില്‍ അഞ്ചു പേര്‍ മരിക്കാനിടയാക്കിയ വീട്ടിലെ തീപിടിത്തം കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. തീപ്പൊരി പോര്‍ച്ചിലെ ബൈക്കിലേക്കു വീണതോടെ വാഹനം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്കു കയറുകയായിരുന്നു.

◼️വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിന്റെ ഗൂഢാലോചന മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുറന്ന് പറഞ്ഞിട്ടുണ്ട്. സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ആരോപണം. സിപിഎമ്മിലെ കുടിപ്പകയുടെ ഇരകളാണ് കൊല്ലപ്പെട്ട രണ്ടു യുവാക്കളെന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◼️കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് സിപിഎമ്മല്ല, ഡിവൈഎഫ്ഐ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. ഡിവൈഎഫ്ഐയുടെ കാര്യം അവര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

◼️കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വധിക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണ് സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി പുറത്താക്കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

◼️കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ 66-ാം ജന്മദിനത്തില്‍ ആശംസയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമതി ഷാ. തനിക്കു പലരും ആശംസയര്‍പ്പിച്ചു. എന്നാല്‍ ഒരു ആശംസ അത്ഭുതപ്പെടുത്തിയെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. അമിത് ഷായുടെ ഫോണ്‍ കോള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വല്ലാതെ സ്പര്‍ശിച്ചെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

◼️സംസ്ഥാന ബജറ്റ് നാളെ. രാവിലെ എട്ടോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയുടെ ബാധ്യതകൂടി വന്നതോടെ ഖജനാവില്‍ പണമില്ലാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതോടെ നികുതി വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചില സേവനങ്ങള്‍ക്കു ഫീസ് വര്‍ധിപ്പിക്കാനാണ് ധനമന്ത്രിയുടെ നീക്കം.

◼️താമരശേരി ചുരം എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഒരു ബാഗും ലഭിച്ചു.

◼️മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി എ.ജി പേരറിവാളനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ 32 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 32 കൊല്ലത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം. 1991 ജൂണ്‍ 11 നാണ് പേരറിവാളന്‍ അറസ്റ്റിലായത്.

◼️അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി വരുന്നമുറയ്ക്കു നിര്‍ണായക തീരുമാനങ്ങള്‍ ത്വരിതഗതിയില്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളെ നിയോഗിച്ചു. എംഎല്‍എമാരുടെ നീക്കങ്ങള്‍ മനസിലാക്കാനും കൂറുമാറ്റം തടയാനുംകൂടിയാണ് കേന്ദ്രനേതാക്കളെ അയച്ചിരിക്കുന്നത്. ഗോവയില്‍ സ്ഥാനാര്‍ഥികളെയെല്ലാം റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്.

◼️ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിനുശേഷം മരിച്ചത്.

◼️യുക്രെയിനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കു പലായനം ചെയ്യാനുള്ള വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ഫോണ്‍കോളുകള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലെന്‍സ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഉക്രേനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ 650 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്നലെ ഒഴിപ്പിച്ചത്.

◼️യുദ്ധം നടക്കുന്ന യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ 694 വിദ്യാര്‍ത്ഥികളെ പോളണ്ടിലേക്കു ട്രെയിന്‍ മാര്‍ഗം എത്തിക്കാന്‍ ശ്രമം. ലിവീവില്‍ എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് ഉദ്യോദഗസ്ഥര്‍ അറിയിച്ചു. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

◼️യുക്രെയിന്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല, നിഷ്പക്ഷ നിലപാടില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് സൈനിക നടപടികളുടെ ലക്ഷ്യമെന്ന് റഷ്യ. യുക്രെയിന്‍ നാറ്റോയുടെ ഭാഗമാകാന്‍ പാടില്ല. മൂന്നാം വട്ട ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

◼️രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ എത്തുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രെയിന്‍. മുപ്പതോളം രാജ്യങ്ങളില്‍ നിന്നായി പതിനാറായിരത്തിലേറെ പേര്‍ റഷ്യയ്ക്കെതിരേ യുദ്ധം ചെയ്യാന്‍ എത്തിയെന്നാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. ജോര്‍ജിയയിലെ മുന്‍ പ്രതിരോധ മന്ത്രിയും യുദ്ധസന്നദ്ധനായി എത്തിയിട്ടുണ്ട്.

◼️മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം.

◼️കേരളത്തില്‍ ഇന്നലെ 29,754 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3,928 കോവിഡ് രോഗികള്‍. നിലവില്‍ 43,668 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതാനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.95 കോടി കോവിഡ് രോഗികള്‍.

◼️ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏഴ് കോടി രൂപയുടെ ലാഭം നേടിയെന്നറിയിച്ച് ഫിന്‍ടെക്ക് കമ്പനിയായ മൊബിക്വിക്ക്. മാര്‍ച്ച് 31ന് മുന്‍പ് ആകെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടിരുന്നു. 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 400 കോടിയുടെ ആകെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചു. മുന്‍ കാലത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31 ആകുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 600 കോടിയാകുമെന്നാണ് പ്രതീക്ഷ. ആകെ വരുമാനം 400 കോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ 78 കോടിയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.

◼️ലോകത്തെ തന്നെ പിടിച്ചുലച്ച റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അനിശ്ചിതത്വത്തിലായത് 77,000 കോടി രൂപയുടെ ഐപിഒ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നീളുമെന്നതിനാല്‍ ഐപിഒ അനിശ്ചിതത്വം അടുത്തസാമ്പത്തിക വര്‍ഷം ഒന്നാം പാദം അവസാനം വരെയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 51 കമ്പനികളാണ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ അനുമതി ലഭിച്ച് ഐപിഒയ്ക്കായി കാത്തിരിക്കുന്നതെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റിസേര്‍ച്ചറായ പ്രൈം ഡാറ്റാബേസ് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന എല്‍ഐസിയുടെ 65,000 കോടി രൂപയുടെ ഐപിഒ കൂടാതെയാണിത്. ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലായിരിക്കും ആകെ ഐപിഒ തുക.

◼️നാരദന്‍’ സിനിമയുടെ ലൊക്കേഷനില്‍ തന്റെ അമ്മയ്ക്ക് അഭിനയിക്കാന്‍ നിര്‍ദേശം നല്‍കുന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആഷിഖിന്റെ അമ്മ ജമീല അബു ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജഡ്ജിയുടെ വേഷത്തിലാണ് ജമീല അഭിനയിച്ചത്. ‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രമാണ് ‘നാരദന്‍’. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

◼️പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘രാധേ ശ്യാം’ മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തും. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്ക്കേണ്ടി വന്നത്. വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം അവതരിപ്പിക്കുന്നതിനായി ശബ്ദം നല്‍കിയിരിക്കുന്നത് അമിതാഭ് ബച്ചന്‍, ഡോ. ശിവ രാജ്കുമാര്‍, പൃഥ്വിരാജ്, എസ് എസ് രാജമൗലി എന്നിവരാണ്. ഇവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്. ഹസ്തരേഖ വിദഗ്ധനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ‘പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് നായിക പൂജ ഹെഗ്ഡെ അഭിനയിക്കുന്നത്.

◼️ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡാണ് ലെക്‌സസ്. ഇപ്പോഴിതാ, ലെക്സസ് പുതിയ എന്‍എക്സ് 350എച്ച് ഇന്ത്യന്‍ വിപണിയില്‍ 64.90 ലക്ഷം രൂപ (എക്സ്-ഷോറൂം, ഇന്ത്യ) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. 2022 ലെക്‌സസ് എന്‍എക്സ് 350എച്ച് എക്ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ് . ഇവയുടെ വില യഥാക്രമം 64.90 ലക്ഷം, 69.50 ലക്ഷം, 71.60 ലക്ഷം എന്നിങ്ങനെയാണ്.

◼️സ്നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളില്‍ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങള്‍ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിന്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയില്‍. ‘മൗലാനാ ജലാലുദ്ദീന്‍ റൂമി ജീവിതവും കാലവും’. കെ ടി സൂപ്പി. ഡിസി ബുക്സ്. വില 135 രൂപ.

◼️നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ പലതും പല അസുഖങ്ങളുടെയും ഭാഗമായി വരുന്നതാകാം. ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് നഖങ്ങളുടെ അറ്റം അര്‍ധചന്ദ്രാകൃതിയിലാണ് കാണപ്പെടേണ്ടത്. ഇങ്ങനെയല്ല കാണപ്പെടുന്നത് എങ്കില്‍ അത് പോഷകാഹാരക്കുറവ്, വിഷാദരോഗം, വിളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ ലക്ഷണമാകാം. സാധാരണഗതിയില്‍ നഖങ്ങള്‍ക്ക് പരുക്കന്‍ പ്രകൃതം ഉണ്ടാകേണ്ടതില്ല. നിറമാണെങ്കിലോ, ചെറിയ ചുവപ്പ് കലര്‍ന്നാണ് കാണേണ്ടും. എന്നാല്‍ ചിലരില്‍ നഖം വിളര്‍ത്തും മഞ്ഞനിറത്തിലും കാണാറുണ്ട്. ഇത് കരള്‍, വൃക്ക, ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്ന പ്രസ്‌നങ്ങളെയോ, വിളര്‍ച്ചയെയോ പോഷകാഹാരക്കുറവിനെയോ സൂചിപ്പിക്കുന്നതാകാം. ഒപ്പം തന്നെ ശ്വാസകോശരോഗമായ ‘ക്രോണിക് ബ്രോങ്കൈറ്റിസ്’, തൈറോയ്ഡ്, മറ്റ് ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, ചര്‍മ്മത്തെ ബാധിക്കുന്ന ‘സോറിയാസിസ്’ എന്നീ പ്രശ്നങ്ങളുടെ ഭാഗമായും ഇത് വരാം. നഖത്തില്‍ നീളത്തിലും കുറുകെയും വരകള്‍ വീഴുന്നത് സോറിയാസിസ് രോഗം, ആര്‍ത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം. നഖത്തില്‍ കുറുകെയുള്ള വരകളാണെങ്കില്‍ ഇത് വൃക്ക രോഗത്തെ സൂചിപ്പിക്കുന്നതാകാം. ചിലരില്‍ ഇയ്ക്കിടെ നഖം പൊട്ടിപ്പോകാറുണ്ട്. തൈറോയ്ഡിന്റെയോ ഫംഗല്‍ അണുബാധയുടെയോ ഭാഗമായി ഇത് സംഭവിക്കാം. ചിലരുടെ നഖത്തില്‍ വെളുത്ത നിറത്തില്‍ കുത്തുകളോ വരകളോ കാണാറുണ്ട്. ഇത് അധികവും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവിനെയാണ്രേത സൂചിപ്പിക്കുന്നത്. സാധാരണനിലയില്‍ നഖത്തില്‍ കറുത്ത നിറമോ, കറുത്ത വരകളോ ഉണ്ടാകുന്നത് ഏതെങ്കിലും തരത്തിലുള്ള പരിക്കുകളുടെ ഭാഗമായോ അവയുടെ അവശേഷിപ്പായോ എല്ലാമാണ്.

*ശുഭദിനം*

അവന്‍ ഗുരുവിന്റെ അടുത്തെത്തി പ്രധാനപ്പെട്ട വിദ്യകള്‍ പഠിക്കാനാന്‍ തീരുമാനിച്ചു. ഗുരു അവനെ 4 പ്രധാനവിദ്യകളാണ് പഠിപ്പിച്ചത്. വാള്‍പയറ്റും അസ്ത്രവിദ്യയും രാകിമിനുക്കിയ ചക്രം കൊണ്ടുള്ള പ്രയോഗവും ദണ്ഡിന്റെ പ്രയോഗവും അതീവ വൈഗ്ദ്യത്തോടെ പഠിച്ചു. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അയാളുടെ മുന്നിലേക്ക് ഒരു രാക്ഷസനെത്തി. തനിക്കറിയാവുന്ന എല്ലാ വിദ്യയും താന്‍ പുതുതായി പഠിച്ച വിദ്യയും അവന്‍ പ്രയോഗിച്ചു. പക്ഷേ, അവയൊന്നും രാക്ഷസന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല. രാക്ഷസന്‍ തന്നെ വിഴുങ്ങുമെന്നായപ്പോള്‍ സര്‍വ്വധൈര്യവും സംഭരിച്ചു അവന്‍ പറഞ്ഞു: നീ എന്നെ വിഴുങ്ങിയാല്‍ ഞാന്‍ എന്റെ അവസാനത്തെ അടവെടുക്കും. ഞാന്‍ നിന്റെ ഉള്ളില്‍ കിടന്ന് പൊട്ടിത്തെറിക്കും. പിന്നെ നമ്മള്‍ രണ്ടുപേരും ഉണ്ടാകില്ല. ആദ്യം ഒന്ന് സംശയിച്ചെങ്കിലും രാക്ഷസന്‍ അയാളെ വെറുതെ വിട്ടു. പഠിച്ചതൊന്നും പ്രവര്‍ത്തിപഥത്തില്‍ പ്രയോജനപ്പെടുന്നില്ലെങ്കില്‍ ആ പഠിപ്പിനെന്തോ അപാകതയുണ്ട്. പഠിക്കാനിറങ്ങുന്നവരെല്ലാം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എല്ലാവരും പഠിക്കുന്നതെന്താണ്? ഏറ്റവും നല്ല പാഠ്യപദ്ധതിയേതാണ്? മികച്ച ഗുരുവാരാണ്? പക്ഷേ, പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ നാം മറന്നുപോകാറൂണ്ട്.. ഇതാണോ ഞാന്‍ പഠിക്കേണ്ടത്? പഠിച്ചിറങ്ങുമ്പോഴേക്കും ഈ പഠിച്ചവയ്ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ? എല്ലാവരും പഠിച്ചതിന്റെ പേരില്‍ എന്തെങ്കിലും പഠിക്കുകയോ, മറ്റാരും പഠിക്കാത്തതിന്റെ പേരില്‍ ഒന്നും പഠിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. എനിക്ക് പ്രധാനപ്പെട്ടതാണോ എന്ന ചോദ്യമാണ് ഏതു പഠനപ്രക്രിയക്കു മുന്നിലും ചോദിക്കേണ്ട ആദ്യ ചോദ്യം. ചിതറിത്തെറിച്ചു കിടക്കുന്ന അറിവുകള്‍ നിയതമായ ലക്ഷ്യത്തിന് ഉപകരിക്കണമെന്നില്ല. പഠിച്ചകാര്യങ്ങള്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്തണെന്ന് കൂടി പഠിക്കുമ്പോഴാണ് പഠനം പൂര്‍ത്തിയാവുകയുള്ളൂ