ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറോട്ടിച്ച ഡോക്ടർ ഉമർ മുഹമ്മദിന് അറസ്റ്റിലായ ഡോക്ടർ ബിലാൽ നസീർ മല്ല സഹായങ്ങൾ ചെയ്തു നൽകിയിരുന്നുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. വൈറ്റ് കോളർ ഭീകരസംഘം സ്ഫോടന പരീക്ഷണം നടത്തിയതായി അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അതേസമയം, അനന്ത് നാഗിലെ വനമേഖലകളിൽ വൈറ്റ് കോളർ ഭീകര സംഘത്തിലെ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് അനന്ത് നാഗിലെ മൂന്നിടങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. അറസ്റ്റിലായ ഡോക്ടർ ആദിൽ റാത്തറിനെയും ജാസിർ ബിലാൽ വാനിയേയും വനമേഖലയിൽ എത്തിച്ചായിരുന്നു പരിശോധന നടന്നത്.









