Headlines

‘ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിനെ കുറിച്ചും ഫേസ്ബുക്ക്‌ പോസ്റ്റിൽ പരാമർശിക്കുന്നു.

സർക്കാരിന്റെ വിവിധ പദ്ധതികൾ പോസ്റ്റിൽ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ലൈഫ് മിഷൻ പിരിച്ചു വിടണം എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും പോസ്റ്റിൽ ചോദിക്കുന്നു. വിഡി സതീശൻ ഇന്ന് നടത്തിയത് പരമാബദ്ധങ്ങൾ എന്നും മുഖ്യമന്ത്രി വിമർശിച്ചു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, കെ-റെയിൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഐഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ.

പ്രതിപക്ഷ നേതാവിന്റെ മറുപടിക്കായി ചിലതു ചോദിക്കട്ടെ.
▶️ ലൈഫ് മിഷൻ
ലൈഫ് മിഷൻ അടക്കമുള്ള 4 മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കൺവീനറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എംഎം ഹസ്സൻ പ്രഖ്യാപിച്ചത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് ഹസ്സനെ തള്ളിപ്പറയുന്നില്ല?
▶️ വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിർപ്പുകൾക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷൻ ചെയ്തിരിക്കുന്നു. പഴയ നിലപാടിൽ പ്രതിപക്ഷ നേതാവ് ഉറച്ചു നിൽക്കുമോ?
▶️ തുരങ്കപാത
വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിർക്കുമോ?
▶️ തീരദേശ ഹൈവേ
തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നൽകുകയുണ്ടായി. നിലവിൽ അതും പൂർത്തീകരണത്തോട് അടുക്കുകയാണ്. എതിർപ്പ് തുടരുന്നുണ്ടോ?
▶️ ക്ഷേമ പെൻഷൻ

62 ലക്ഷത്തോളം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ്. ക്ഷേമ പെൻഷൻ കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?
▶️ ദേശീയപാതാ വികസനം
ദേശീയപാത പൂർത്തീകരിക്കുന്നതിൽ ഒരടി പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവർ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?

▶️ ഗെയിൽ പൈപ്പ്ലൈൻ
ഗെയിൽ പൈപ്പ്ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി പ്രസിഡൻറ് വിഎം സുധീരനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയിൽ പൈപ്പ്ലൈൻ ഒരു യാഥാർത്ഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?
▶️ കിഫ്ബി
കേരളത്തിന്റെ അതിജീവന ബദലായി ഉയർന്ന കിഫ്ബി വഴി അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ നോക്കിയപ്പോൾ അതിനും കൂട്ടുനിൽക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?
▶️ കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?
▶️ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവർക്ക് റേഷൻ കിട്ടുന്നതിന് തടസ്സമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാൻ പാർലമെന്റിൽപോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?
▶️ കേരള ബാങ്ക്
കേരള ബാങ്ക് തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാൽ സർക്കാർ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞത് സർക്കാർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവിൽ വന്നില്ലേ? ഇക്കാര്യത്തിൽ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?
▶️ കെ ഫോൺ
കെ ഫോൺ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോൾ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?
▶️ ചൂരൽമല-മുണ്ടക്കൈ
ദുരന്തബാധിതർക്ക് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോൺഗ്രസ്സ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വെക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വെക്കുന്നത് എന്നും വെളിപ്പെടുത്താമോ?
▶️ കെ-റെയിൽ
സിൽവർ ലൈനിന്റെ കുറ്റി പറിക്കാൻ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന റെയിൽപാത വേണ്ട എന്നു അഭിപ്രായമുണ്ടോ?

ചോദ്യങ്ങൾ ഇനിയുമുണ്ട്. അവയെല്ലാം ചേർത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തിൽ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ നൽകിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നൽകി പരിഹസിക്കുകയും എതിർക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ?