തെരുവുനായകളെക്കൊണ്ട് സ്ഥാനാർഥിക്കും രക്ഷയില്ല. പ്രചാരണത്തിനിടെ പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. കൊടുമ്പ് പഞ്ചായത്തിലെ മൂന്നാം വാർഡ് സ്ഥാനാർഥി സിജുമോൾക്ക് ആണ് കടിയേറ്റത്.
കാരക്കാട് പുളിയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. സിജുമോളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപതിയിൽ ചികിത്സയ്ക്ക് ശേഷം വീണ്ടും പ്രചാരണം ആരംഭിക്കും. പാലക്കാട് ജില്ലയിൽ നാളെയാണ് വോട്ടെടുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തു.
ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള്‍ പ്രകാരം 7 ജില്ലകളിലെ ആകെ പോളിങ് 40ശതമാനം കടന്നു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.







