തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കാൻ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും. മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. ശ്രീറാം പാളയത്ത് മത്സരിക്കാൻ ആണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്.
ജില്ലാ കമ്മിറ്റി കൈമാറിയ പട്ടികയിൽ മറ്റൊരു വാർഡിലും പ്രശാന്ത് ശിവന്റെ പേര് ഉണ്ട്. മിനി കൃഷ്ണകുമാറും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. ആദ്യ ഘട്ട പട്ടികയിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ ഇല്ല.മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ മുന്നണികൾക്ക് തലവേദനയായി വിഭാഗീയ പ്രശ്നങ്ങളും കൂറ് മാറ്റവും. കടുത്ത വിഭാഗീയ പ്രശ്നങ്ങൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കുമ്പോൾ, വി 4 പട്ടാമ്പിയിലെ ഒരു വിഭാഗത്തിന്റെ കൂറ് മാറ്റവും കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതേസമയം സീറ്റ് ചർച്ചകൾ പൂർത്തിയാക്കുന്നതിനു മുമ്പ് യുഡിഎഫിനുള്ളിൽ വിമതനീക്കവും സജീവമാണ്.
ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭ, ജില്ലാ പഞ്ചായത്ത്- എല്ലായിടത്തും സമഗ്രാധിപത്യമാണ് ഇടതിന്. പക്ഷേ ഇത്തവണ എണ്ണം കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നഗരസഭ നിലനിർത്തുന്നതിനൊപ്പം, അഞ്ചു പഞ്ചായത്തുകൾ, എല്ലാപഞ്ചായത്തിലും ഒരു അംഗം എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ വിഭാഗീയത, വിമത നീക്കം, കൂറുമാറ്റം എന്നിവ മുന്നണികളുടെ കണക്കുകൂട്ടലുകൾക്കുമപ്പുറം പ്രതിസന്ധിയാണ്.
സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ വെൽഫെയർ പാർട്ടിയെ ചൊല്ലിയാണ് യുഡിഎഫിൽ തർക്കം. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുസ്ലിംലീഗിലെ മുൻ നഗരസഭ വൈസ് ചെയർമാൻ അബ്ദുൽ അസീസിൻറെ ഒരു വിഭാഗമാണ് വിമത നീക്കത്തിനൊരുങ്ങുന്നത്. എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് നേതാക്കൾ പറയുന്നു.






