ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നുവെന്നും ഈ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സിപിഐഎം നേതാവ് വി എസ് സുനിൽകുമാർ.
തങ്ങൾ യഥാസമയം പരാതി കൊടുത്തില്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞത്. എല്ലാം കൃത്യമായും വ്യക്തമായും ആണ് നടന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുക്കാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശ്ശൂരിലെ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർ വി ആര്‍ കൃഷ്ണദേജ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ തെറ്റിദ്ധരിപ്പിച്ചതായും സംശയമുണ്ടെന്ന് വി എസ് സുനിൽകുമാർ ആരോപിച്ചു.
തൃശ്ശൂർ പാർലമെൻറ്റ് മണ്ഡലത്തിലെ പല ഇടങ്ങളിലും മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ വോട്ട് ചേർത്തിരുന്നു എന്നുള്ള പരാതി എൽഡിഎഫ് നൽകിയിരുന്നു. സ്ഥാനാർത്ഥിയായിരുന്ന തന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്ന കെ പി രാജേന്ദ്രൻ ആണ് 25- 03- 2024 ആ പരാതി നൽകിയത്. ആളുകളുടെ പേരുകൾ സഹിതമുള്ള പരാതിയും രണ്ടാമതും നൽകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ ആക്ഷേപം അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് ആരെ സംരക്ഷിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അത്ര ശെരിയായിട്ടുള്ള നടപടിയല്ല. ആദ്യ കരട് പട്ടികയ്ക്ക് ശേഷമാണ് പുതിയ വോട്ടുകൾ ബിജെപിക്കാർ ചേർത്തത്. ഒരാൾക്ക് ഒരു സ്ഥലത്ത് വീടുണ്ട് എന്ന കാരണത്താൽ മാത്രം അവിടുത്തെ വോട്ടർ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.