പാർട്ടി നേതാക്കൾ ജ്യോതിഷിയെ കണ്ടെന്ന സംസ്ഥാന സമിതിയിലെ വിമർശനത്തെ പ്രതിരോധിച്ച് സിപിഐഎം നേതാക്കൾ. തിരഞ്ഞെടുപ്പ് കാലത്തും മറ്റും ജ്യോതിഷിമാരെ പോലുള്ളവരെ കാണുന്നതിൽ എന്താണ് തെറ്റെന്നാണ് മുതിർന്ന നേതാവ് എ കെ ബാലൻെറ ചോദ്യം . ജ്യോതിഷിയെ കണ്ട വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പി ജയരാജനും പ്രതികരിച്ചു.
വ്യാഴാഴ്ച നടന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് നേതാക്കൾ ജ്യോതിഷിയെ കാണുന്നത് സംബന്ധിച്ച് കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സമിതിയിലെ വിമർശനം ട്വന്റി ഫോർ പുറത്തുവിട്ടതോടെ പാർട്ടിക്ക് പുറത്തും വിഷയം വലിയ ചർച്ചയായിട്ടുണ്ട്. വൈരുദ്ധ്യാത്മിക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിഷിയെ കാണാൻ പോകുന്നതെന്ന കണ്ണൂർ നേതാവിന്റെ ചോദ്യമാണ് ചർച്ച ചെയ്യപ്പെടുന്നത്. വിവാദം കത്തിപ്പടരും മുമ്പേ പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ താല്പര്യം.
കണ്ണൂരിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പി ജയരാജനും ജ്യോതിഷി വിമർശനത്തെ പ്രതിരോധിക്കാൻ രംഗത്തുണ്ട്. സംസ്ഥാന സമിതിയിൽ ഈ വിഷയത്തിൽ ചർച്ച നടന്നിട്ടില്ലെന്നാണ് ജയരാജന്റെ ഒഴുക്കൻ മട്ടിലുള്ള പ്രതിരോധം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷ പണ്ഡിതൻ മാധവ പൊതുവാളിനെ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് പാർട്ടി സംസ്ഥാന സമിതിയിലെ വിമർശനത്തിന് പ്രേരണയായിതെന്നും പറയപ്പെടുന്നു.