പ്രഭാത വാർത്തകൾ

 

◼️പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില വര്‍ധിച്ചിരിക്കുകയാണ്. ഇതു രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കും. റഷ്യ – യുക്രൈന്‍ പ്രതിസന്ധിമൂലം എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

◼️റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രണ്ടു റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയെ ഭയപ്പെടുന്ന നാറ്റോയില്‍ വിശ്വാസമില്ലാതായി. മുട്ടിലിഴഞ്ഞു യാചിക്കുന്ന പ്രസിഡന്റാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സെലന്‍സ്‌കി. റഷ്യ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടെ റഷ്യയുമായി സന്ധിക്കുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

◼️റഷ്യ സുരക്ഷിത ഇടനാഴി തുറന്നതിനു പിറകേ, യുക്രെയ്നിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 700 പേരെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകള്‍ എത്തിച്ചാണ് ഇവരെ പുറത്തേക്കെത്തിച്ചത്. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കും.

◼️തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. ജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസരാണെന്ന ബോധം ഉണ്ടാകണം. ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂര്‍ണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്. മന്ത്രി എം.വി ഗോവിന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.

◼️ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടില്‍, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

◼️ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ വീണ്ടും ഹൈക്കോടതി. നിയമവിരുദ്ധമായി ആര് കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി വേണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ക്കു നേരെ കൊച്ചി കോര്‍പറേഷന്‍ കണ്ണടച്ചു. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്നു പറയണമെന്നും കോടതി. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ കഴിഞ്ഞയാഴ്ചയും കോടതി വിമര്‍ശിച്ചിരുന്നു.

◼️മയക്കുമരുന്ന് കേസ് പ്രതിയെ പിടിക്കുന്നതിനിടെ നാലു പൊലീസുകാര്‍ക്കു കുത്തേറ്റു. പ്രതി അനസ്, കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പോലീസുകാരെയാണ് കുത്തിയത്. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പൊലീസുകാരെത്തിയാണ് അനസിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.

◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷം മുംബൈയില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തെളിവുകള്‍ ദിലീപ് മനപൂര്‍വം നശിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.

◼️വിളിച്ചിട്ടും വരാത്ത വൈസ് ചാന്‍സലര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍. കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണനാണ് ഗവര്‍ണര്‍ വിളിച്ചിട്ടും വരാതിരുന്നത്. ഗവര്‍ണര്‍ ഉന്നയിച്ചിരുന്ന പിആര്‍ഒ നിയമനകാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നു വ്യാഖ്യാനിച്ചാണ് വിസി ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ചത്. വിസിക്കെതിരേ നടപടിയെടുക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍.

◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചു. കുതിരാന്‍ തുരങ്ക പാതയ്ക്കും റോഡിനുമുള്ള ടോളാണു പിരിക്കുന്നത്. കാറുകള്‍ക്ക് 90 രൂപയാണ് ഒരുവശത്തേക്കുള്ള ടോള്‍ നിരക്ക്. വലിയ ചരക്കു വാഹനങ്ങള്‍ 430 രൂപ നല്‍കണം. ട്രക്കുള്‍ക്ക് 280 രൂപ. 25.75 കിലോമീറ്റര്‍ നീളമുള്ള പാതയുടെ വടക്കഞ്ചേരിക്കടുത്ത പന്നിയങ്കരയിലാണ് ടോള്‍ ബൂത്ത്. 2032 വരെ ടോള്‍ പിരിക്കാന്‍ അനുമതിയുണ്ട്.

◼️രാജ്യസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എ.കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വളരെ നേരത്തേ വിടപറഞ്ഞതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. സുധീരന്‍ കുറിച്ചു.

◼️സംസ്ഥാനത്തു മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണു മഴയ്ക്കു സാധ്യത.

◼️ആലപ്പുഴയില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയിലായി. ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ചു സ്ത്രീകളും ഒമ്പതു പുരുഷന്മാരുമാണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ളവരാണു പിടിയിലായത്.

◼️ഇടുക്കി രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. 2015 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ടിസ്സി നാലു വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2019 ല്‍ കൂറുമാറി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗം പി.ടി എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മെമ്പര്‍ സ്ഥാനം നഷ്ടമായാലും ഭരണമാറ്റം ഉണ്ടാവില്ല.

◼️കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍. മാങ്ങാനം മന്ദിരം ആശുപത്രിക്കു സമീപം ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനാണ് അറസ്റ്റ്. ബസ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണു നടപടി. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെ.ഡി. ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍.

◼️മാന്നാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തീപിടുത്തം. ഒരു കോടി രൂപയോളം നാശനഷ്ടമുണ്ടായി. മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ചു വ്യാപാര സ്ഥാപനങ്ങള്‍ക്കു ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. തുണികളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും വിറ്റിരുന്ന ദുബായ് ബസാര്‍, ചലചരക്ക് വ്യാപാരം നടത്തിവന്നിരുന്ന എം.എസ് പ്രൊവിഷന്‍ സ്റ്റോഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.

◼️തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസുകാരിയെ നാളെ കോലഞ്ചേരിയിലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുട്ടിയുടെ തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍ നടത്തും. പരിക്കേറ്റ ഇടതുകൈയുടെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി. ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല.

◼️നടി ആക്രമിക്കപ്പെട്ട സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് തമിഴ് നടന്‍ സൂര്യ. തന്റെ പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവ’ന്റെ പ്രൊമോഷനുവേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു സൂര്യ. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് ആധികാരികമായൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ മര്‍ദനമേറ്റ് യുവതി ആശുപത്രിയിലായി. പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്. വൈഷ്ണവിയെയാണ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിക്കിട്ടെന്നും വീട്ടിലെ എല്ലാവരും മര്‍ദിച്ചിരുന്നെന്നും യുവതി പറഞ്ഞു.

◼️യുക്രെയിനില്‍നിന്ന് തിരിച്ചെത്തിയ അഞ്ചു വിദ്യാര്‍ത്ഥികളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ ക്ളേശങ്ങള്‍ അവര്‍ വിവരിച്ചു. അതിര്‍ത്തി കടന്നപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യവും നല്‍കി. മറ്റൊരു രാജ്യവും അവരുടെ പൗരന്മാരെ ഇങ്ങനെ രക്ഷിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

◼️യുക്രെയിനില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് തമിഴ് വിദ്യാര്‍ത്ഥികള്‍. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിമാനത്തില്‍ ആദ്യം പ്രവേശിപ്പിക്കുന്നതിന് തങ്ങളുടെ പേരുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് പിന്നീടു മടങ്ങിയെത്തിയ തമിഴ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കിയതിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നെന്നും തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

◼️മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ സേവനം നടത്തുന്ന ദയാബായിക്കു ട്രെയിനില്‍ അധിക്ഷേപം. എറണാകുളത്തുനിന്ന് രാജ്കോട്ടിലേക്കുള്ള യാത്രക്കിടെയാണ് ‘ഇതു സ്ത്രീയോ പുരുഷനോ’യെന്ന് ചില സഹയാത്രികര്‍ അധിക്ഷേപിച്ചത്. ദയാബായി പറഞ്ഞു.

◼️രാജ്യത്തുനിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം 27 ന് പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണു പിന്‍വലിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുവരെ എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

◼️തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിറകേ, തമിഴ്‌നാട്ടില്‍ ബിജെപി എട്ടു ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരുനെല്‍വേലി, നാഗപട്ടണം, ചെന്നൈ വെസ്റ്റ്, നോര്‍ത്ത് ചെന്നൈ വെസ്റ്റ്, കോയമ്പത്തൂര്‍ സിറ്റി, ഈറോഡ് നോര്‍ത്ത്, തിരുവണ്ണാമലൈ നോര്‍ത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റികളാണ് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പിരിച്ചുവിട്ടത്. ബിജെപി ഒറ്റക്കാണ് മത്സരിച്ചത്. കോര്‍പ്പറേഷനുകളില്‍ 22 സീറ്റും മുനിസിപ്പാലിറ്റികളില്‍ 56 സീറ്റും ടൗണ്‍ പഞ്ചായത്തുകളില്‍ 230 സീറ്റുമാണ് ബിജെപിക്കു ലഭിച്ചത്. എട്ടു ടൗണ്‍ പഞ്ചായത്തുകളില്‍ മാത്രമാണു ഭരണം ലഭിച്ചത്.

◼️യുക്രെയിന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി സായ്നികേഷിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്‌മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ തിരിച്ചെത്തിക്കാന്‍ അപേക്ഷിച്ചത്.

◼️റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യദിവസം യുക്രെയിന്‍ സ്നേക്ക് ഐലന്‍ഡില്‍ ബോംബ് വര്‍ഷിച്ച റഷ്യന്‍ യുദ്ധക്കപ്പല്‍ പന്ത്രണ്ടാം ദിവസമായ ഇന്നലെ തകര്‍ത്തതെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. റഷ്യന്‍ യുദ്ധക്കപ്പലായ വാസിലി ബൈക്കോവാണ് തകര്‍ന്നത്. തെക്കന്‍ മേഖലയില്‍ റഷ്യന്‍ യുദ്ധത്തിനു നേതൃത്വം നല്‍കുന്നത് ക്രിമിയന്‍ സേനയും കരിങ്കടലിലെ നാവിക സേനയുമായിരുന്നു. റഷ്യ ഒഡേസ അക്രമിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിറകേ ഒഡേസയില്‍ റഷ്യ വന്‍ തോതിലുള്ള ബോംബിംഗ് നടത്തിയിരുന്നു.

◼️റഷ്യയില്‍നിന്നുള്ള എണ്ണ, പ്രകൃതിവാതകം ഇറക്കുമതി നിരോധിച്ച് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നിരോധനം പ്രഖ്യാപിച്ചത്. വില നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ലോകത്തെ പ്രചോദിപ്പിക്കുന്നെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

◼️റഷ്യന്‍ സൈന്യത്തിന്റെ യുക്രെയിന്‍ അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ച അമേരിക്കന്‍ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കിനെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പുടിന്‍ ട്വിറ്ററില്‍ പിന്തുടരുന്ന 22 പേരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്.

◼️ഫിലിപ്പീന്‍സില്‍ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 12 വയസില്‍നിന്ന് 16 വയസായി ഉയര്‍ത്തി. 92 വര്‍ഷത്തിനു ശേഷമാണ് രാജ്യത്ത് പ്രായപരിധി ഉയര്‍ത്തുന്നത്. പ്രായപരിധി 16 വയസാക്കിക്കൊണ്ടുള്ള പുതിയ ബില്ലില്‍ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെ ഇന്നലെ ഒപ്പുവച്ചു.

◼️റഷ്യയിലെയും യുക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താത്കാലികമായി റദ്ദാക്കി മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ. യുക്രൈനില്‍ നടത്തിവരുന്ന അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്‌പെന്‍ഡുചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

◼️അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. വോണ്‍ അന്തരിച്ചതിനു പിന്നാലെ ഒരു ടിവി ഷോയില്‍ അദ്ദേഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വോണിനെ എക്കാലത്തെയും മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന ഗാവസ്‌കറുടെ പരാമര്‍ശമാണ് വിവാദമായത്.

◼️കേരളത്തില്‍ ഇന്നലെ 32,135 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 12,677 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3,146 കോവിഡ് രോഗികള്‍. നിലവില്‍ 47,730 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതാനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.98 കോടി കോവിഡ് രോഗികള്‍.

◼️ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി റിസര്‍വ് ബാങ്ക് തത്സമയ പണമിടപാട് സംവിധാനം ആരംഭിച്ചു. യുപിഐ 123 പേ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിലൂടെ രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ കഴിയും. വെബ്സൈറ്റ്, ചാട്ട്ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും തുടങ്ങിയിട്ടുണ്ട്. അതിനായി ഡിജിസാതി വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 14431 അല്ലെങ്കില്‍ 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

◼️2021ല്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ എണ്ണം 22 ശതമാനം വര്‍ദ്ധിച്ച് 1,824 ദശലക്ഷം സെക്കന്‍ഡിലെത്തിയതായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി) അറിയിച്ചു. കൊവിഡിന് ശേഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. 2021ല്‍ ടിവിയില്‍ ആകെ 9,239 പരസ്യദാതാക്കളും 14,616 ബ്രാന്‍ഡുകളും പരസ്യം ചെയ്തു. അതിവേഗം വിറ്റു പോകുന്ന ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിന്റെ പരസ്യം, 1,117 ദശലക്ഷം സെക്കന്‍ഡ് ദൈര്‍ഘ്യത്തോടെ ഏറ്റവും ഉയര്‍ന്ന വിഹിതം കാഴ്ച്ചവച്ചു. തൊട്ടുപിന്നാലെ 185 ദശലക്ഷം സെക്കന്‍ഡില്‍ ഇ-കൊമേഴ്‌സ്, കെട്ടിട, വ്യാവസായിക, ഭൂമി എന്നീ മേഖലയിലെ പരസ്യങ്ങള്‍ 60 ദശലക്ഷം സെക്കന്‍ഡില്‍ പ്ലേ ചെയ്യപ്പെട്ടു.

◼️സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയാവാഡിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ഹോളിവുഡിലേക്ക് ചുവടുവച്ച് ആലിയ ഭട്ട്. ബ്രിട്ടീഷ് സംവിധായകന്‍ ടോം ഹാര്‍പര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ഹാര്‍ട്ട് ഒഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നെറ്റ് ഫ്ളിക്സ്, സ്‌കൈ ഡാന്‍സ് എന്നിവര്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ വണ്ടര്‍വുമണ്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായികയായ ഗാല്‍ ഗദോത്ത്, ഫിഫ്റ്റി ഷേഡ്സ് എന്ന ട്രിലോജിയിലെ നായകനായ ജാമി ദോര്‍നാന്‍ എന്നിവര്‍ക്കൊപ്പമാണ് ആലിയ അഭിനയിക്കുന്നത്. നെറ്റ് ഫ്ളിക്സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

◼️മമ്മൂട്ടിയുടെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേന്ദര്‍ റെഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. അഖില്‍ അക്കനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഏജന്റ്. മൂന്നു വര്‍ഷത്തിനുശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. 2019ല്‍ എത്തിയ യാത്രയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന തെലുങ്ക് ചിത്രം.

◼️ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബി.എം.ഡബ്ള്യു ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകളുടെ എണ്ണം ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയില്‍ പ്ളാന്റ് തുറന്ന് 15-ാം വര്‍ഷമാണ് ഒരുലക്ഷം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കാറുകളെന്ന നേട്ടം കമ്പനി സ്വന്തമാക്കിയത്. ബി.എം.ഡബ്ള്യു, ഉപസ്ഥാപനവും ബ്രിട്ടീഷ് ചെറു ആഡംബര ബ്രാന്‍ഡുമായ ബി.എം.ഡബ്ള്യു മിനി എന്നിവയുടേതായി ഇതിനകം 13 മോഡലുകളാണ് 15 വര്‍ഷത്തിനിടെ ചെന്നൈ പ്ളാന്റില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തിയത്. 2007 മാര്‍ച്ച് 29നാണ് ബി.എം.ഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

◼️സരോജം എന്ന സഞ്ചാരി ഇന്ത്യയെ കണ്ടെത്തുകയാണ്. ഇന്ത്യയെന്നാല്‍ ഒരുപിടി മണ്ണുമാത്രമല്ല; വൈവിധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരാണ്, അവരുടെ ദുഖങ്ങളാണ്, അപൂര്‍വ്വമായ സന്തോഷങ്ങളാണ്. പല ഭാഷകളിലും വേഷങ്ങളിലും ജീവിക്കുമ്പോഴും പ്രാരാബ്ധങ്ങളില്‍ അവര്‍ ഒന്നാണ്. സരോജം സ്വന്തം ഹൃദയംകൊണ്ട് തൊട്ടറിയുന്നത് ഈ മനുഷ്യരെയാണ്. ‘സീറോ പോയിന്റ്’. മൈത്രി ബുക്സ്. വില 117 രൂപ.

◼️പുരുഷന്മാരെ പോലെതന്നെ സ്ത്രീകളിലും മരണത്തിന്റെ പൊതുവായ കാരണങ്ങളിലൊന്നാണ് ഹൃദയത്തിലെയും തലച്ചോറിലെയും രക്തധമനികള്‍ക്ക് ഉണ്ടാകുന്ന ബ്ലോക്ക്. ഹൃദയത്തിനും രക്തധമനികള്‍ക്കും ഉണ്ടാകുന്ന കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ തടയുന്നതിന് സ്ത്രീകള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരിക്കലും പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കരുത്. ദിവസം കുറഞ്ഞത് 2-2.5 ലിറ്റര്‍ വെള്ളം കുടിക്കണം. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ഡിസേര്‍ട്ടുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. വൈറ്റ് ബ്രഡിന് പകരം കൂടുതല്‍ ഫൈബറും പോഷണങ്ങളും അടങ്ങിയ മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ് കഴിക്കുക. മൈദ പോലുള്ള റിഫൈന്‍ ചെയ്തെടുത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക. പഞ്ചസാരയ്ക്ക് പകരം മധുരത്തിന് തേന്‍ ശീലിക്കുക. ഭക്ഷണക്രമത്തില്‍ ആവശ്യത്തിന് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്. സൂര്യാസ്തമനത്തോട് അടുപ്പിച്ച് രാത്രിഭക്ഷണം കഴിക്കാനും ശ്രമിക്കണം. വ്യായാമത്തിന് എല്ലാ ദിവസവും അല്‍പ സമയം നീക്കി വയ്ക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. ദിവസം ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം സ്ത്രീകള്‍ക്ക് അത്യാവശ്യമാണ്.

*ശുഭദിനം*

ഒരിക്കല്‍ മനഃശാസ്ത്രജ്ഞന്‍ ഒരു ക്ലാസ്സ് നടത്തുകയായിരുന്നു. അദ്ദേഹം വെളുത്ത ഒരു വലിയ തുണി വലിച്ചുകെട്ടി. അതിന്റെ മധ്യഭാഗത്ത് കടുകുമണിയുടെ ആകൃതിയില്‍ മഷികൊണ്ട് കറുത്ത അടയാളമിട്ടു. ക്ലാസ്സിലിരിക്കുന്നവരോട് നിങ്ങള്‍ എന്ത് കാണുന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടു. വിരിച്ചുകെട്ടിയ വലിയ വെള്ളത്തുണി കാണുന്നു എന്ന് ചുരുക്കം ചിലര്‍ പറഞ്ഞു. ചിലര്‍ പറഞ്ഞു, തങ്ങള്‍ കറുത്ത മഷിയടയാളം കാണുന്നു എന്ന്. ഇത്ര വലിയ വെള്ളത്തുണി കാണാന്‍ അവര്‍ക്കുകണ്ണുണ്ടായില്ല. പക്ഷേ, അവര്‍ കണ്ടത് ഒരു ചെറിയ കറുത്തപൊട്ട് മാത്രം. നമ്മളില്‍ ചിലരുടെ കാഴ്ചകളും പലപ്പോഴും ഇങ്ങനെയാണ്. മറ്റുള്ളവരിലെ നിറഞ്ഞുനില്‍ക്കുന്ന നന്മ നാം കാണില്ല. അവര്‍ എപ്പോഴെങ്കിലും ചെയ്തുപോകുന്ന തിന്മയിലാണ് നമ്മുടെ കണ്ണ്. മറ്റുള്ളവരിലെ നന്മ കാണാന്‍ കഴിയാത്തത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അഭാവം മൂലമാണ്. നിസ്വാര്‍ത്ഥമായ സ്‌നേഹം ഒരു വരദാനമാണ്. സ്‌നേഹം ഒരിക്കലും അസൂയപ്പെടുന്നില്ല. അസഹിഷ്ണുത കാണിക്കുന്നില്ല. ആത്മപ്രശംസ ചെയ്യുന്നുമില്ല. നമ്മുടെ കണ്ണുകള്‍ നന്മ ദര്‍ശിക്കണമെങ്കില്‍ നമ്മുടെ ഹൃദയവ്യാപാരം അതുപോലെ തന്നെ ആശാസ്യവും ശ്രേഷ്ഠവുമായിരിക്കണം. നമ്മുടെ ഹൃദയം വിശാലമാകട്ടെ, നമ്മുടെ കണ്ണുകളിലൂടെ മറ്റുള്ളവരുടെ നന്മകൂടി കാണുവാന്‍ നമുക്ക് സാധിക്കട്ടെ –