Headlines

തന്ത്രിയും മന്ത്രിയും ഉത്തരവാദികൾ, കടകംപള്ളിയുടെ അഭിമുഖം ആണോ എടുത്തത്, ചോദ്യം ചെയ്യൽ എന്തായി?; സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് ചർച്ചയാക്കാൻ കോണ്‍ഗ്രസ്. ശബരിമല തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാല്‍ എസ്‌ഐടി മുന്‍മന്ത്രിയെ ചോദ്യം ചെയ്തതിന്റെ ബാക്കിപത്രം എന്താണെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉന്നയിക്കുന്ന ചോദ്യം.മുൻ മന്ത്രിയുടെ ചോദ്യം ചെയ്യൽ എന്തായി?. കടകംപള്ളിയുടെ അഭിമുഖം ആണോ എടുത്തത്. ഇനിയും ഉന്നതർ ഉണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ പലരേയും ഒഴിവാക്കുന്നു. എല്ലാവരെയും പ്രതികളാക്കണം. ചുമതലയിലുള്ളവര്‍ അറിയാതെ എങ്ങനെ മോഷണം നടത്താന്‍ സാധിക്കുമെന്നും കോടതി പലവട്ടം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തന്ത്രിയെക്കാൾ മുകളിൽ ആണ് ദേവസ്വം ബോർഡ്‌. തന്ത്രിയും മന്ത്രിയും എല്ലാവരും ഉത്തരവാദികൾ. തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രി ആയിരുന്നു.

അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട എല്ലാവരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കണം. സര്‍ക്കാരുമായി ബന്ധമുള്ള അറസ്റ്റിലായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മുന്‍ എംഎല്‍എ എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ക്ക് എതിരെ സിപിഎം ഒരക്ഷരം മിണ്ടിയിട്ടില്ല, പാര്‍ട്ടി തലത്തില്‍ പോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സ്വീകരിച്ച് പോരുന്നത് എന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 110സീറ്റിൽ ലീഡ് ചെയ്യുന്നു എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ആണ് യുഡിഎഫ് വിലയിരുത്തലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.