വാഷിങ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഉത്തരവാദി സൂസി വൈൽസും മറ്റ് രാഷ്ട്രീയ ഉപദേശകരുമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വകാര്യ സംഭാഷണങ്ങളിൽ കുറ്റപ്പെടുത്തിയതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഭരണകൂടത്തിലെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്ന ലീക്കർമാരെ കണ്ടെത്താൻ സൂസി വൈൽസിന് കഴിഞ്ഞില്ലെന്ന് ആരോപിച്ച് മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് ട്രംപ് അവരെ രൂക്ഷമായി ശകാരിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈൽസ് തന്നെയാണ് വിവരങ്ങൾ ചോർത്തുന്നതെന്നും ട്രംപ് ആരോപിച്ചു.മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഒരു മാറ്റം ആഗ്രഹിച്ചതിനാലാണ് ഈ നടപടിയെന്ന് വ്യക്തമാക്കി. വൈൽസ് മികച്ച രീതിയിലാണ് ജോലി ചെയ്തതെന്നും എന്നാൽ ജീവിതത്തിൽ ചിലപ്പോഴൊക്കെ ഇത്തരം നീക്കങ്ങൾ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുപ്രധാന നിയമനങ്ങളിൽ നിന്ന് ട്രംപ് സൂസി വൈൽസിനെ മാറ്റിനിർത്തിയിരുന്നു. സ്ഥാനമൊഴിയുന്നതിനു മുൻപ്, ട്രംപിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കരുതുന്നുവെന്ന് സൂസി വൈൽസ് പ്രതികരിച്ചു. തന്റെ പദവി മാറിയേക്കാമെങ്കിലും പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധതയിൽ മാറ്റമുണ്ടാകില്ലെന്നും അവർ പറഞ്ഞു.കുടിയേറ്റക്കാരെ തടവിലാക്കുക, കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും വിദേശ അധിനിവേശം ആരോപിച്ച് ബോട്ടുകൾക്ക് നേരെ ബോംബാക്രമണം നടത്തുക തുടങ്ങിയ ട്രംപിന്റെ ഏറ്റവും കടുത്ത തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചയാളാണ് പുതിയ ചീഫ് ഓഫ് സ്റ്റാഫായ സ്റ്റീഫൻ മില്ലർ. തന്റെ പ്രസിഡന്റ് പദവിയുടെ ജനവിധി കൂടിയായി വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും കടുത്ത നിലപാടുകളിൽ മാറ്റം വരുത്താൻ ട്രംപ് ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് മില്ലറുടെ നിയമനം.









