Headlines

ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ പിന്നെ മറ്റൊരു ഗള്‍ഫ് രാജ്യത്തും രക്ഷയുണ്ടാകില്ല; ക്രൈം എക്‌സ്‌ചേഞ്ച് ശക്തിപ്പെടുന്നു

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ കുറ്റകൃത്യങ്ങളുടെ റെക്കോര്‍ഡുകള്‍ കൈമാറുന്ന സുരക്ഷാ ശൃംഖല ശക്തമാകുന്നു. ജി.സി.സി രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് മുന്‍പ് നാടുകടത്തപ്പെട്ടവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ ബിസിനസോ ജോലിയോ തുടങ്ങാന്‍ നിയന്ത്രണമുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനെത്തുന്ന നിക്ഷേപകരുടെ മുന്‍കാല റെക്കോര്‍ഡുകളും പരിശോധിക്കപ്പെടുന്ന തരത്തിലാണ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. (GCC countries are expanding the automatic exchange of criminal data)

യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ഏതെങ്കിലും ഒരു ജി.സി.സി രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ, സാമ്പത്തിക കേസുകളില്‍ പെടുകയോ ചെയ്തവര്‍ക്ക് സൌദിയില്‍ ജോലി ചെയ്യാനും ബിസിനസ് നടത്താനും നിയന്ത്രണങ്ങളുണ്ട്. ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മില്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന ഏകീകൃത സുരക്ഷാ സംവിധാനം ഇപ്പോള്‍ കൂടുതല്‍ കര്‍ശനമാണ്. സൌദിയില്‍ നിക്ഷേപം നടത്താനെതിയ പല പ്രവാസികള്‍ക്കും ഈ നിയമം കുരുക്ക് ആയിട്ടുണ്ടെന്ന് സൌദിയിലെ അറേബ്യന്‍ ഹൊറൈസണ്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സ് സിഇഒ ഷാകിര്‍ ഹുസൈന്‍ പറഞ്ഞു.

വിസ ഘട്ടത്തിലും ബിസിനസ് ലൈസന്‍സ് എടിക്കുന്ന സമയത്തും മറ്റു ജിസിസി രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത റെക്കോര്‍ഡുകള്‍ പരിശോധിക്കപ്പെടുന്നതോടെ ഇത്തരക്കാര്‍ പിടിക്കപ്പെടും. അതുകൊണ്ട് കേസുകള്‍ പൂര്‍ണമായും തീര്‍പ്പാക്കുന്നത് വരെ സ്വന്തം പേരില്‍ സൌദിയില്‍ ബിസിനസ് നടത്താന്‍ പ്രയാസമാകും.നിയമലംഘകര്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ ജി.സി.സി ലക്ഷ്യമിടുന്നത്. ഇത് വ്യവസായ മേഖലയ്ക്ക് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും നല്‍കുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ തങ്ങള്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ ബിസിനസ് ചെയ്യുന്ന രാജ്യങ്ങളിലെ നിയമങ്ങളും സാമ്പത്തിക ബാധ്യതകളും കൃത്യമായി തീര്‍പ്പാക്കിയില്ലെങ്കില്‍ ഗള്‍ഫില്‍ മുഴുവനായി വിലക്ക് നേരിടേണ്ടി വരുമെന്ന സന്ദേശമാണ് ഈ നടപടി നല്‍കുന്നത്.