Headlines

അമേരിക്കയുടെ തീരുവ ഭീഷണി; നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും.

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ പ്രഖ്യാപിച്ചത്. യോഗം അമേരിക്കൻ വിരുദ്ധമല്ലെന്നാണ് ബ്രസീലിന്റെ നിലപാട്. അതേസമയം അടുത്ത വർഷം ബ്രിക്സ് ഉച്ചകോടി ഇന്ത്യയിൽ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാണ്.

അതേസമയം, ഇന്ത്യ- യൂറോപ്യൻ സ്വാതന്ത്രവ്യാപാര കരാർ ചർച്ചകൾ ഈ ആഴ്ച നടക്കും. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഈ ആഴ്ച ഇന്ത്യയിൽ എത്തും. യൂറോപ്യൻ വ്യാപാര കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചും കൃഷി കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെനും ആണ് ഇന്ത്യയിൽ എത്തുക. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്തിമ കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾ വേഗത്തിൽ ആക്കാനാണ് സന്ദർശനം. കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സിബിഎഎം) സംബന്ധിച്ച് ഇളവുകൾക്കായി ഇന്ത്യ സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. സെപ്റ്റംബർ 17 ന് ഇന്ത്യയ്ക്കുള്ള വാഗ്ദാനങ്ങൾ സംബന്ധിച്ച രേഖ പുറത്തിറക്കും.അടുത്ത 5 മാസങ്ങളിൽ 10 ചർച്ചകളാണ് നടക്കുക. അന്തിമ കരാർ അടുത്ത വർഷം ആദ്യമുണ്ടാകുമെന്നും സൂചനയുണ്ട്.