Headlines

ബീഹാർ വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ആധാർ രേഖയായി അംഗീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം വിട്ട് പുറത്തു പോയവർക്ക് ഓൺലൈൻ വഴി പരാതികൾ നൽകാൻ സൗകര്യമൊരുക്കണമെന്നും കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എസ്‌ഐആറിൽ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കുവാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിനോടൊപ്പം പരിഗണിക്കും.

ആധാർ രേഖയായി അംഗീകരിക്കാൻ ആകില്ലെന്നായിരുന്നു തുടക്കം മുതലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സംസ്ഥാനത്ത് ഇതുവരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 85000 പേർ മാത്രമാണ് പരാതി നൽകിയതെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിൽ ബൂത്ത് ലെവൽ ഏജന്റ്മാർ നൽകിയത് വെറും രണ്ട് പരാതികൾ മാത്രമാണ്. 1, 65,000 ബൂത്ത് ലെവൽ ഏജന്റുമാരെയാണ് രാഷ്ട്രീയപാർട്ടികൾ നിയമിച്ചിട്ടുള്ളത്. കമ്മീഷൻ നടപടികളുമായി നിസ്സഹരിക്കുന്ന രാഷ്ട്രീയപാർട്ടികളെയും കോടതി കണക്കിന് ശകാരിച്ചു.

ഓരോ ബിഎൽഎമാരും ദിവസവും 10 വീടുകൾ വച്ച് സന്ദർശിച്ചാൽ ഒരാഴ്ച കൊണ്ട് പരാതികൾ പരിഹരിച്ചു കൂടെ എന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോട് സഹകരിക്കാനും കോടതി രാഷ്ട്രീയ പാർട്ടികളോട് നിർദേശിച്ചു. ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങളും, ഒഴിവാക്കിയതിന്റെ കാരണവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി സത്യവാങ്മൂലത്തിൽ കമ്മീഷൻ അറിയിച്ചു.