Headlines

‘അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ല, റഷ്യയോ ചൈനയോ ഭയക്കില്ല’; ട്രംപ്

അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പിന്തുണയില്ലാത്ത നാറ്റോയെ റഷ്യയോ ചൈനയോ ഭയക്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ റഷ്യ ഇതിനകം യുക്രെയ്ൻ മുഴുവൻ പിടിച്ചെടുത്തേനെയെന്നും ട്രംപ്.
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നാറ്റോ അംഗമായ നോർവെ നോബേൽ സമ്മാനം നൽകാതിരുന്നത് മണ്ടത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സഖ്യത്തിന്റെ അവസാനമായിരിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ വ്യക്തമാക്കിയതിനു പിന്നാലെയാണ് നാറ്റോയ്‌ക്കെതിരെ ട്രംപ് അധിക്ഷേപം ചൊരിഞ്ഞത്. ഗ്രീൻലാൻഡ് വിഷയം ചർച്ച ചെയ്യാൻ ഡെന്മാർക്കുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.

ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് സൈന്യം എപ്പോഴും തയാറാണെന്നായിരുന്നു ട്രംപിന്റെ മറുപടി.