Headlines

‘ഗ്രീൻലൻഡ് ഏറ്റെടുക്കാൻ അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നു’; വൈറ്റ് ഹൗസ്

ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിന് അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുൻഗണനയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡെന്മാർക്കിന്റെ അർധ സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.ഡെന്മാർക്കിനെയും ഗ്രീൻലൻഡിനെയും പറ്റിയുള്ള കാര്യങ്ങൾ ആ രാജ്യങ്ങൾ മാത്രം തീരുമാനിക്കേണ്ടതാണെന്ന് ഡെന്മാർക്ക്, ഫിൻലണ്ട്, നോർവെ, സ്വീഡൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. നാറ്റോ രാജ്യങ്ങളുമായും അമേരിക്കയുമായും ചർച്ചയ്ക്ക് തയാറാണെന്നും പ്രസ്താവനയിൽ. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നായിരുന്നു ട്രംപ് പറഞ്ഞത്.അതേസമയം ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കൻ ശ്രമത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. ഗ്രീൻലാൻഡ് വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഡെൻമാർക്കിനും ഗ്രീൻലാൻഡിനും മാത്രമെന്ന് യുകെ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.

ഇതിനിടെ വെനസ്വേലയിലെ ഇടക്കാല സർക്കാർ 30-50 ദശലക്ഷം ബാരൽ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കയ്ക്ക് കൈമാറാൻ തയാറാണെന്ന് അറിയിച്ചതായി ട്രംപ്. ഇത് വിപണി വിലയ്ക്ക് വിൽക്കുമെന്നും വെനസ്വേലയിലെയും അമേരിക്കയിലെയും ജനതയുടെ ക്ഷേമത്തിനായി ആ പണം ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ ഊർജ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.