H1B വിസകൾ ഐടി കമ്പനികൾ ദുരുപയോഗം ചെയ്തെന്ന് വൈറ്റ് ഹൗസ്. അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ കൂടാൻ കാരണമായി. വിസ അപേക്ഷകളുടെ മറവിൽ കമ്പനികൾ വൻ തോതിൽ തൊഴിൽ നഷ്ടമുണ്ടാക്കിയെന്നും വിമർശനം. 40,000 അമേരിക്കൻ ടെക്കികളുടെ തൊഴിൽ നഷ്ടമാക്കി വിദേശികളെ നിയമിച്ചെന്നും വൈറ്റ് ഹൗസ്.
കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളെ നിയമിച്ച് അമേരിക്കക്കാരെ ഒഴിവാക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയി അമേരിക്ക ഉയർത്തിയിരുന്നു. എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.
കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു പുതിയ നടപടികൾ. എച്ച് വൺ ബി വീസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കുന്നത്. മൂന്നു വർഷത്തേക്ക് സാധുതയുള്ളതും മൂന്നു വർഷത്തേക്ക് കൂടി പുതുക്കാനാകുന്നതുമായ വർക്ക് വീസയായ എച്ച് 1 ബി വീസയ്ക്ക് ഇനി മുതൽ 88 ലക്ഷം രൂപയിലേറെ ചെലവേറും. 71 ശതമാനത്തോളം എച്ച് 1 ബി വീസ ഉടമകൾ ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരെയാണ് നയം സാരമായി ബാധിക്കുക.
ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം തിരിച്ചടിയാകും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളിലെ നിയമനത്തിനുള്ള എച്ച് വൺ ബി വിസകൾക്ക് ചെലവേറുന്നത് തൊഴിൽദാതാക്കൾക്ക് തലവേദയാകും. വലിയ മുതൽ മുടക്കിൽ വിദേശികളെ കൊണ്ടുവരുന്നതിൽ നിന്ന് കമ്പനികൾ വിട്ടുനിന്നേക്കും.