Headlines

വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ്; ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ CPIM

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ സിപിഐഎം നീക്കം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വിസിയ്ക്ക് സിപിഐഎം എംഎൽഎമാർ കത്ത് അയച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഐബി സതീഷ്, സച്ചിൻ ദേവ് എന്നിവരാണ് കത്ത് അയച്ചത്.

സുപ്രിംകോടതിയിലെ ചെലവായ തുക സർവകലാശാല നൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളോടാണ് ആവശ്യപ്പെട്ടത്. ചെലവ് ആവശ്യപ്പെട്ട രാജ്ഭവൻ്റെ കത്ത് ട്വന്റിഫോറാണ് പുറത്ത് വിട്ടത്. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

ഗവർണർ കക്ഷിയായ കേസുകളുടെ നടത്തിപ്പിനുള്ള ബില്ലുകൾ ഗവർണർ സർവകലാശാലകൾക്ക് കൈമാറും. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ 11ലക്ഷം രൂപയുടെ ബില്ലാണ് രാജ്ഭവനിലുള്ളത്. അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്നടക്കം കേസ് നടത്തിപ്പിന്റെ ബില്ലുകൾ രാജ്ഭവനിലെത്തിയിട്ടുണ്ട്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ നിയമിച്ച വി.സിമാർക്കെതിരെയാണ് സർക്കാർ കേസിനു പോയത്. കേസ് നടത്തിപ്പിന് രാജ്ഭവന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. ചാൻസലർ സർവകലാശാലകളുടെ ഭാഗമാണെന്നാണ് രാജ്ഭവന്റെ വിശദീകരണം.