Headlines

‘സ്വർണപാളി ഇളക്കിയപ്പോൾ മനഃപൂർവം വിട്ടുനിന്നു’; ശബരിമല സ്വർണ്ണക്കൊള്ളയിൽ കെ എസ് ബൈജുവിന് മുഖ്യ പങ്കെന്ന് SIT യുടെ കണ്ടെത്തൽ

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ മുഖ്യപങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി. മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പിക്കാതെ സ്വർണ്ണക്കൊള്ളയ്ക്ക് വഴി ഒരുക്കിയെന്നാണ് കണ്ടെത്തൽ. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണപാളികൾ കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്ന കെ എസ് ബൈജു മനഃപൂർവ്വം വിട്ടുനിൽക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ ആണ് ഇക്കാര്യങ്ങൾ തെളിയിക്കുന്ന വിവരം ലഭിച്ചത്.

ഇന്ന് ഉച്ചയോടുകൂടി പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാകും. അതിന് ശേഷമായിരിക്കും കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. മൂന്ന് ഉദ്യോഗസ്ഥരാണ് ശബരിമലയിലെ സ്വർണപാളി മോഷണത്തിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ തലത്തിൽ വലിയ അട്ടിമറിയും ഗൂഢാലോചനയും ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണപാളി കടത്താനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവർ സഹായിച്ചിരുന്നു. കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനും സാധ്യത ഏറെയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു, ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ എന്നിവരുടെ അറസ്റ്റും ഉടനുണ്ടായേക്കും

അതേസമയം, തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ഇന്നലെ രാത്രിയോടെ എസ്ഐടി സംഘം കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്.