തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും 2027 നവംബർ വരെ തൽസ്ഥാനത്ത് തുടരുമെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ.
യുദ്ധക്കളത്തിൽ നിൽക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെക്കാൻ യാതൊരു ഉദ്ദേശവും ഇല്ല. ഇത്തരത്തിലുള്ള വാർത്തകൾ നമ്മളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക. ചില പ്രസ്താവനകൾ കൊണ്ട് മന്ത്രിയും ദേവസ്വം പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് തോന്നാം. ചില കാര്യങ്ങളിൽ മന്ത്രി തെറ്റായി ധരിച്ചിട്ടുണ്ടാകാം. അടിസ്ഥാനപരമായി ഒരു പ്രശ്നവുമില്ലെന്ന് അദേഹം വ്യക്തമാക്കി. വളരെ ശ്രമകരമായ ജോലിയുമായി താൻ മുന്നോട്ടുപോകുന്നുവെന്ന് കെ ജയകുമാർ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേപന്തിയിൽ രണ്ട് സദ്യ വിളമ്പിയതിനെ എടുത്തുപറഞ്ഞായിരുന്നു അതൃപ്തി പരസ്യമാക്കിയത്. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്നും എന്നാൽ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.






